മൂക്കിന് സൗന്ദര്യം പോര, പ്ലാസ്റ്റിക്ക് സര്‍ജറിക്കായി ചെലവ് കുറഞ്ഞ ക്ലിനിക്കിനെ സമീപിച്ച യുവതിയുടെ ദുരവസ്ഥ

ബാങ്കോക്ക്: മുഖസൗന്ദര്യം വര്‍ധിക്കുകയും വേണം, എന്നാല്‍ അത്ര കാശ് മുടക്കാനും തയ്യാറല്ല ചിലര്‍. അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ഈ വാര്‍ത്ത. നിലവാരമില്ലാത്ത ക്ലിനിക്കില്‍ മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ തായ്‌ലന്‍ഡ് സ്വദേശിനിയായ ഒരു യുവതിക്കുണ്ടായത് ദുരനുഭവമാണ്. യുവതി തന്നെയാണ് തന്റെ ദുരവസ്ഥയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തന്റേത് മോശം മൂക്കാണെന്ന് തോന്നലുണ്ടാക്കിയ യുവതി പ്ലാസ്റ്റിക് സര്‍ജറി നടത്തുവാനാണ് ഹാത് യായ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ലിനിക്കിനെ സമീപിച്ചത്. കുറഞ്ഞ ചെലവിലുള്ള ചികിത്സയായതിനാലാണ് യുവതി ഈ ക്ലിനിക്കിനെ തന്നെ സമീപിച്ചത്. ക്ലിനിക്കില്‍ നിന്നും ഇവരുടെ മൂക്കില്‍ സിലിക്കണ്‍ നിര്‍മിതമായ ഒരു വസ്തു സ്ഥാപിച്ചു. തുടര്‍ന്ന് സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് ഇവരെ വിധേയയാക്കി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയുടെ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ത്വക്കില്‍ അണുബാധ പിടിപെട്ടു. മാത്രമല്ല ഇവരുടെ ത്വക്കില്‍ സ്ഥാപിച്ച സിലിക്കണ്‍ നിര്‍മിത വസ്തു മൂക്കില്‍ നിന്നും നെറ്റിയുടെ പുറത്തേക്ക് വരാനും തുടങ്ങി. ഇത് കണ്ട് പേടിച്ച യുവതി ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കില്‍ ചെന്ന് പ്രശ്‌നം പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് ക്ലിനിക്ക് അധികൃതര്‍ അറിയിച്ചത്.
അതേസമയം സംഭവം പുറത്തറിഞ്ഞതോടെ ബാങ്കോക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക് ഇവരെ ഏറ്റെടുത്തു. യുവതിയെ സൗജന്യമായി ഇവര്‍ ചികിത്സിച്ചു. തന്റെ അനുഭവം മറ്റാര്‍ക്കും വരാതിരിക്കാനാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നതെന്ന് യുവതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here