മൃതദേഹം ചെന്നൈ സ്വദേശിനിയുടേത്‌

ചെന്നൈ : തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരണം. ചെന്നൈ അണ്ണാനഗര്‍ സ്വദേശി പൊക്കിഷ മേരിയുടേതാണ് മൃതദേഹമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ നിന്നുള്ള അന്വേഷണസംഘവും ജെസ്‌നയുടെ സഹോദരനും ചെങ്കല്‍പ്പേട്ട് മെഡിക്കല്‍ കോളജിലെത്തി മൃതദേഹം പരിശോധിക്കുകയും പെണ്‍കുട്ടിയുടേതല്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസമാണ് തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയ പാതയ്ക്ക് സമീപം ചെങ്കല്‍പ്പേട്ടിലെ പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃഖം മുഴുവനായും കത്തിക്കരിഞ്ഞിരുന്നു.

എന്നാല്‍ ജെസ്‌നയുടേതിന് സമാനമായി പല്ലില്‍ ക്ലിപ്പുണ്ടായിരുന്നു. കൂടാതെ ഉയരത്തിന്റെ കാര്യത്തിലും സാമ്യമുണ്ട്. ഇത് കണക്കിലെടുത്താണ് ചെന്നൈ പൊലീസ് കേരള പൊലീസിന് വിവരം നല്‍കിയത്.

എന്നാല്‍ മൃതദേഹത്തില്‍ മൂക്കുത്തിയുണ്ടായിരുന്നു. കൂടാതെ മുലപ്പാല്‍ നല്‍കുന്ന സ്ത്രീയാണെന്നും തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് ഇത് അണ്ണാനഗര്‍ സ്വദേശി പൊക്കിഷ മേരിയാണെന്ന് തിരിച്ചറിയുന്നത്.

ഇവരെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. കൂടാതെ ഇവരുടെ സ്‌കൂട്ടര്‍ കോയമ്പേട് നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 22 നാണ് എരുമേലിക്കടുത്ത് കൊല്ലമൂളയില്‍ നിന്ന് ജെസ്‌നയെ കാണാതാകുന്നത്.

സംസ്ഥാനത്തിന് അകത്തും പുറത്തും വിപുലമായ പരിശോധനകള്‍ നടത്തിയിട്ടും പെണ്‍കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here