ആ ചാവേര്‍ ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി : സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ചാവേറാക്രമണം നടത്തിയയാള്‍ ഇന്ത്യക്കാരനാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് സൗദി ഇക്കാര്യം സ്ഥിരീകരിച്ചത്. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ഫയാസ് കഗ്‌സിയാണ് ചാവേറായി പൊട്ടിത്തെറിച്ചത്.

2016 ജൂലൈ 4 നായിരുന്നു നടുക്കുന്ന സംഭവം. അന്നേദിവസം മൂന്ന് ഭീകരാക്രമണങ്ങള്‍ സൗദിയില്‍ നടന്നു. ആദ്യത്തേത് യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്കായിരുന്നു. ചാവേറാക്രമണത്തില്‍ ഇവിടത്തെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

രണ്ടാമത്തെ ചാവേര്‍ സ്‌ഫോടനം ഖത്തീഫിലെ ഷിയ പള്ളിക്ക് സമീപവും മൂന്നാമത്തേത് മദീനയിലെ മസ്ജിദ് നബ്‌വി പള്ളിക്ക് പുറത്തുമായിരുന്നു. സ്‌ഫോടനസ്ഥലത്തുനിന്ന് ശേഖരിച്ച ഡിഎന്‍എ സാംപിളുകളാണ് ഭീകരനെ തിരിച്ചറിയാന്‍ സഹായിച്ചത്.

കഗ്‌സിയുടെ ഡിഎന്‍എ സാംപിളുകള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ കൈവശമുണ്ടായിരുന്നു. ഇത് സൗദിക്ക് കൈമാറി ഒത്തുനോക്കി
പരിശോധിച്ചപ്പോഴാണ് സ്‌ഫോടനം നടത്തിയയാള്‍ കഗ്‌സിയാണെന്നും ഇന്ത്യക്കാരനാണെന്നും തിരിച്ചറിയുന്നത്.

മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണ് കഗ്‌സിയെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ഇയാളാണ് 2010 ലെ ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തിന്റയും 2012 ലെ ജെഎം റോഡ് പൊട്ടിത്തെറിയുടെയും മുഖ്യ സൂത്രധാരനും സാമ്പത്തിക സ്രോതസ്സുമെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

34 കാരനായിരുന്ന ഇയാള്‍ ഔറംഗബാദ് ആയുധക്കടത്ത് കേസില്‍ അന്വേഷണസംഘം തിരയുന്നയാളായിരുന്നു. കൂടാതെ മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അജ്മല്‍ കസബിനെ ഹിന്ദി പരിശീലിപ്പിച്ചത് ഇയാളായിരുന്നുവെന്നും സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here