മൃതദേഹത്തിലെ വസ്ത്രം ലിഗയുടേത്‌

തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍ക്കാട്ടിനുള്ളില്‍ ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം, കാണാതായ വിദേശ വനിത ലിഗയുടേതാണെന്ന സംശയം ബലപ്പെടുന്നു. ലിത്വേനിയയില്‍ നിന്ന് ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗയെ കഴിഞ്ഞ മാസം കാണാതാവുകയായിരുന്നു.

ഒരു മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. തല വേര്‍പെട്ട നിലയിലാണ് മൃതദേഹം. ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും സ്ഥലത്തെത്തി, മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍ മൃതദേഹത്തിലുള്ള ജാക്കറ്റും ചെരിപ്പും ലിഗയുടേതല്ലെന്ന് സഹോദരി പറയുന്നു. മൃതദേഹത്തിന് സമീപം മൂന്ന് സിഗരറ്റ് കൂടുകള്‍, ലൈറ്റര്‍, കുപ്പിവെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്.

ലിഗയ്ക്ക് പുകവലിക്കുന്ന ശീലമുണ്ടായിരുന്നതായും വിവരമുണ്ട്. വിഷാദരോഗിയായിരുന്നു 33 കാരി. ആയുര്‍വ്വേദ ചികിത്സയ്ക്കിടെ പോത്തന്‍കോട് നിന്ന് മാര്‍ച്ച് 14 നാണ് കാണാതാകുന്നത്.

ഇതേതുര്‍ന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തല വേര്‍പെട്ടനിലയിലായിരുന്നു മൃതദേഹം. അരമീറ്റര്‍ ദൂരെ മാറിയാണ് തല കിടന്നത്. കാലുകള്‍ നിലത്ത് നീട്ടിവെച്ച നിലയിലും രണ്ടുകൈകള്‍ വള്ളിപ്പടര്‍പ്പില്‍ തൂങ്ങിയ നിലയിലുമാണ്.

കാലുറകളും ടീഷര്‍ട്ടും ഇതിന് മുകളില്‍ ബനിയന് സമാനമായ വസ്ത്രവുമാണ് ധരിച്ചിരുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് അധികം എത്തിപ്പെടാനാകാത്ത സ്ഥലമാണിത്. അതിനാല്‍ സംഭവത്തില്‍ ദുരൂഹത കനക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here