അവയവക്കൊള്ള നടത്തിയത് ഇങ്ങനെ

ചിറ്റൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ യുവാവിന്റെ ആന്തരിക അവയങ്ങള്‍ ബന്ധുക്കളെ സമ്മര്‍ദ്ദത്തിലാഴ്ത്തി എടുത്തുമാറ്റി. തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മീനാക്ഷീപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠ(25)ന്റെ അവയവങ്ങളാണ് സേലത്തെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ എടുത്തുമാറ്റിയത്.

വെള്ളിയാഴ്ച രാത്രി ചെന്നൈ മേല്‍മറവത്തൂരില്‍ ശിങ്കാരി മേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ച കാര്‍ സേലത്തിന് സമീപം കള്ളിക്കുറിശിയില്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സംഘത്തിലെ എല്ലാവര്‍ക്കും പരിക്കേറ്റതും സ്ഥലപരിചയമില്ലാത്തതും മൂലം നിര്‍ദ്ദേശം അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായില്ലെന്ന് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മണികണ്ഠന്റെ സഹോദരന്‍ മഹേഷ് പറഞ്ഞു. മണികണ്ഠന് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ മൂന്നുദിവസത്തെ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ ചെലവായെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിറുത്തുകയാണെന്നും മരണമടഞ്ഞാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ തുക പൂര്‍ണമായും അടയ്ക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചുവെന്നും സഹോദരന്‍ വ്യക്തമാക്കി.

പണമടയ്ക്കാന്‍ നിവൃത്തിയില്ലാതായതോടെ ഇടനിലക്കാര്‍ മുഖേന നിര്‍ബന്ധപൂര്‍വം അവയവദാന സമ്മതപത്രത്തില്‍ ബന്ധുക്കളെ കൊണ്ട് ഒപ്പിടുവിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാത്രി തന്നെ അവയവങ്ങള്‍ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. വിദഗ്ദ്ധ ഡോക്ടര്‍മാരെത്തിയാണ് അവയവങ്ങള്‍ നീക്കിയത്.

ആശുപത്രി ബില്ലിന് പുറമെ മൃതദേഹം മീനാക്ഷീപുരത്തെത്തിക്കാന്‍ 25,000 രൂപയും ആവശ്യപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ അവയവദാനം നടത്തിയതോടെ ഒരു ചെലവുമില്ലാതെ മൃതദേഹം വീട്ടിലെത്തിച്ചു നല്‍കുകയായിരുന്നുവെന്നും മണികണ്ഠന്റെ ബന്ധുക്കള്‍ പറഞ്ഞു. അവയവദാനം നല്‍കിയതിന് രേഖകളോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ നല്‍കിയിട്ടുമില്ലെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here