നിഷകളങ്ക ബാല്യത്തിന്റെ പ്രതീകമായി ഒരു പിഞ്ചു ബാലിക

ദമാസ്‌കസ് :ഫോട്ടോയെടുക്കാന്‍ അടുത്ത് ചെന്ന ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ഭക്ഷണത്തിന്റെ പാതി നല്‍കുവാന്‍ ശ്രമിക്കുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ഏകദേശം 4 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ് തന്റെ നിഷ്‌കളങ്കമായ മുഖഭാവത്തോടെ, ഫോട്ടോഗ്രാഫര്‍ക്ക് തനിക്ക് ലഭിച്ച ഭക്ഷണം കൊടുക്കാനൊരുങ്ങുന്നത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് കുട്ടിക്കാലം. മാതാപിതാക്കളുടെ പരിപാലനകളും സ്‌നേഹവും ആവോളം ലഭിക്കുന്ന കാലഘട്ടം. എന്നാല്‍ തങ്ങളുടെതല്ലാത്ത കാരണത്താല്‍ സംഭവിക്കുന്ന യുദ്ധത്തിന്റെ കെടുതികളില്‍ പെട്ട് ആ മനോഹര കാലഘട്ടത്തിന് പകരം നരക തുല്യമായ ജീവിതം ജീവിക്കേണ്ടി വരുന്ന കുട്ടികള്‍ നിരവധിയാണ് ഈ ലോകത്ത്.

ഭരണാധികാരികളുടെ അധികാര പിടിവലികളില്‍ ഇവര്‍ക്ക് നഷ്ടമാവുന്നത് ഒരു പക്ഷെ ആര്‍ക്കും തിരിച്ച് കൊടുക്കുവാന്‍ പറ്റാത്ത ആ മഹത്തായ കാലഘട്ടമാണ്. അത്തരത്തിലുള്ള നിരവധി കുട്ടികളുടെ പ്രതീകമായി മാറുകയാണ് സിറിയയില്‍ നിന്നുള്ള ഈ പിഞ്ചു ബാലിക. വിശക്കുന്ന വയറിന് മുന്നില്‍ അപ്രതീക്ഷിതമായി ഭക്ഷണം എത്തുമ്പോഴും തനിക്ക് ചുറ്റുമുള്ളവര്‍ക്ക് കൂടി ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന ഈ കുട്ടിയുടെ കരുതലിന് രാഷ്ട്രനേതാക്കളുടെ അധികാര ഭ്രാന്തിനേക്കാള്‍ മൂല്യമുണ്ട്.

കഴിഞ്ഞ ഏഴ് വര്‍ഷമായി യുദ്ധ കെടുതികളില്‍ പെട്ട് 400,000 പേരാണ് മരണപ്പെട്ടതോ കാണാതാവുകയോ ചെയ്തിട്ടുള്ളത്. രാജ്യത്തെ 22 മില്ല്യണ്‍ ജനങ്ങളാണ് ജനിച്ച പ്രദേശത്ത് നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here