ആ ചായവില്‍പ്പനക്കാരന്‍ ഇന്ന് കോടീശ്വരന്‍

ബംഗളൂരു : പി അനില്‍കുമാര്‍ എന്ന മലയാളി, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൊമ്മനഹള്ളി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജനവിധി തേടുകയാണ്. നന്നേ ചെറുപ്പത്തില്‍ ബംഗളൂരുവിലെത്തി ചായക്കച്ചവടം നടത്തിയ അനില്‍കുമാറിന്റെ ജീവിതം സംഭവബഹുലമാണ്. ആ കഥ ഇങ്ങനെ.

1985 ല്‍ അതായത് തന്റെ 11 ാം വയസ്സിലാണ് അനില്‍കുമാര്‍ ബംഗളൂരുവിലേക്ക് വണ്ടികയറുന്നത്. അച്ഛന്റെ മരണത്തോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ കുടുംബം അത്രമേല്‍ ദുരിതത്തിലായപ്പോഴാണ് അനില്‍കുമാര്‍ ബംഗളൂരുവിലേക്ക് വണ്ടി കയറുന്നത്.

അമ്മയും താനടക്കം മൂന്ന് മക്കളും ദുരിതത്തില്‍ നീറുമ്പോഴായിരുന്നു ആ യാത്ര. വിദ്യാഭ്യാസം മൂന്നാം ക്ലാസില്‍ ഒടുങ്ങി. ബംഗളൂരുവിലെത്തി ജോലിയന്വേഷിക്കുന്ന കാലത്ത് കടത്തിണ്ണകളിലായിരുന്നു കിടത്തം. എന്നാല്‍ അലിവുള്ളൊരു മനുഷ്യന്‍ അയാളുടെ കടയില്‍ അനില്‍ക്കുമാറിന് ജോലി നല്‍കി.

വൈകാതെ അനില്‍ കുമാര്‍ സ്വന്തമായി ചായക്കച്ചവടം തുടങ്ങി. ഐടി സ്ഥാപനങ്ങളില്‍ ചായ എത്തിച്ചുകൊടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 90 കളില്‍ ഐടി രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായതോടെ നിരവധി കമ്പനികള്‍ ആരംഭിച്ചു. ഇവിടെയെല്ലാം ചായ വിതരണം ചെയ്ത് അനില്‍കുമാര്‍ കളം കയ്യടക്കി.

പതിയെ റിയല്‍ എസ്റ്റേറ്റിലേക്കും അനില്‍കുമാര്‍ ചുവടുമാറ്റി. ആ രംഗത്തും മികച്ച മുന്നേറ്റം സാധ്യമായി. എട്ടുവര്‍ഷത്തിനുള്ളില്‍ ഇദ്ദേഹം ബൊമ്മനഹള്ളിയില്‍ എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനി തുടങ്ങി. നിലവില്‍ 339 കോടിയുടെ ആസ്തിയുണ്ട് അനില്‍കുമാറിന്.

ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ ഏറ്റവും സമ്പന്നനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. 16 ലക്ഷ്വറി കാറുകളുടെ ഉടമകൂടിയാണ് ഇദ്ദേഹം. ജനസേവനത്തിനായി എംഎല്‍എയാവുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായുളള പടപ്പുറപ്പാടാണ് അനില്‍കുമാറിന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here