മോഷണക്കേസില്‍ മൂന്നുപേര്‍ പിടിയില്‍

കൊച്ചി : തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഭാര്യയും ഭര്‍ത്താവും സുഹൃത്തും പിടിയില്‍. എടമുട്ടം കൊട്ടുകല്‍ രശ്മി, ഭര്‍ത്താവ് കണ്ണൂര്‍ പെരിങ്ങോം സ്വദേശി റാഷിദ്, വടകര സ്വദേശി അനീഷ്ബാബു എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ എടമുട്ടം വാഴൂര്‍ ദിലീപിന്റെ വീട് കുത്തിത്തുറന്ന് ലാപ്‌ടോപ്പ്, മൊബൈല്‍, ഐപാഡ്, ഡിജിറ്റല്‍ ആല്‍ബം, വിദേശ കറന്‍സികള്‍ എന്നിവയാണ് റാഷിദും അനീഷ്ബാബുവും മോഷ്ടിച്ചത്. വീട്ടുകാര്‍ ഓസ്‌ട്രേലിയയ്ക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഓസ്‌ട്രേലിയന്‍ ബന്ധങ്ങളുള്ള എടമുട്ടം സ്വദേശി ദിലീപിന്റെ വീട്ടിലാണ് രശ്മിയുടെ അമ്മ ജോലി ചെയ്യുന്നത്. രശ്മി കോയമ്പത്തൂരില്‍ ഒരു ബാങ്കിലും പ്രവര്‍ത്തിക്കുന്നു. അമ്മയുമായി രശ്മി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് മോഷണ പദ്ധതി ഉരുത്തിയിരുന്നത്.

ഇക്കഴിഞ്ഞയിടെ ഒരു നാള്‍ രശ്മി, അമ്മയെ പതിവുപോലെ ഫോണില്‍ വിളിച്ചു. എന്നാല്‍ ഇനി കുറച്ചുനാള്‍ തനിക്ക് ജോലിയില്ലെന്നും ഇവിടുത്തെ സാറും കുടുംബവും ഓസ്‌ട്രേലിയയ്ക്ക് പോയെന്നും അമ്മ രശ്മിയോട് പറഞ്ഞു. ആ വാക്കുകള്‍ രശ്മിയില്‍ തറച്ചു. അമ്മ ജോലി ചെയ്യുന്ന വീട് കൊട്ടാര സദൃശമാണെന്ന് രശ്മി ഓര്‍ത്തു.

ഇക്കാര്യം ഭര്‍ത്താവ് റാഷിദിനോട് പങ്കുവെച്ചു. റാഷിദ് ഉടന്‍ തന്നെ സുഹൃത്ത് അനീഷ്ബാബുവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും തൃശൂര്‍ എടമുട്ടത്തേക്ക് തിരിച്ചു. പ്രസ്തുത വീട് കുത്തിത്തുറന്നു. ലാപ്‌ടോപ്, പുതിയ മൊബൈല്‍, വിദേശ നാണയങ്ങള്‍, എന്നിവ കവര്‍ന്നു. മേശയില്‍ നിന്ന് കാറിന്റെ താക്കോലും കിട്ടി.

എന്നാല്‍ ഓട്ടോമാറ്റിക് ആയതിനാല്‍ കാര്‍ സ്റ്റാര്‍ട്ടാക്കാനായില്ല. തുടര്‍ന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന ഇലക്ട്രിക് സ്‌കൂട്ടറുമായി കടന്നു. രണ്ടു കിലോമീറ്റര്‍ ചെന്നപ്പോഴേക്കും ചാര്‍ജ് തീര്‍ന്ന് സ്‌കൂട്ടര്‍ ഓഫായി. അതുപേക്ഷിച്ച് ഒരു സൈക്കിള്‍ മോഷ്ടിച്ച് ബസ് സ്‌റ്റോപ്പിലെത്തി. ശേഷം ബസില്‍ കോയമ്പത്തൂരേക്ക് കടന്നു.

എന്നാല്‍ പുതിയ മൊബൈലാണ് രശ്മിയെയും സംഘത്തെയും കുടുക്കിയത്. മൊബൈല്‍ ഉപയോഗിക്കാത്തതാണെന്നാണ് രശ്മി കരുതിയത്. അതിനാല്‍ സിം ഇട്ട് പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ വീട്ടുകാരന്റെ മകന്‍ ഒരാഴ്ച ഉപയോഗിച്ച ഫോണായിരുന്നു. പിന്നീട് സിം മാറ്റി പാക്ക് ചെയ്ത് തന്നെ സൂക്ഷിച്ചതാണ്.

ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കിട്ടിയതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അപ്പോഴാണ് കോയമ്പത്തൂരില്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. സിം ഉടമയായ രശ്മിയുടെ വിലാസം പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി. കളവ് നടന്ന വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ മകളാണിതെന്ന് സ്ഥീരീകരിച്ചു.

പിന്നെ പൊലീസ് മൂന്നുപേരെയും വലയിലാക്കി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു രശ്മി. അവിടുന്ന് ഒന്നര ലക്ഷം രൂപ കവര്‍ന്നതിന് കേസുണ്ട്. ബിസിഎ ബിരുദ ധാരിയായ ഇവര്‍ ബംഗളൂരുവിലെ ഐടി കമ്പനിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബംഗളൂരുവിലേക്കുള്ള ബസ് യാത്രയിലാണ് കിളിയായ റാഷിദിനെ പരിചയപ്പെടുന്നത്. പിന്നെ പ്രണയിച്ച് വിവാഹം കഴിച്ചു. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് താമസം മാറി ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. റാഷിദ് മോഷ്ടിക്കുന്ന വസ്തുക്കള്‍ രശ്മിയാണ് വില്‍ക്കുക.

ബാങ്ക് ഉദ്യോഗസ്ഥയായതിനാല്‍ ആര്‍ക്കും സംശയം തോന്നില്ലായിരുന്നു. മോഷണത്തിന് ഒരിക്കല്‍ അകത്തായപ്പോഴാണ് റാഷിദ് അനീഷ്ബാബുവിനെ പരിചയപ്പെടുന്നത്. ബസിലും ട്രെയിനിലും പോക്കറ്റടി, വീട് കുത്തിത്തുറക്കല്‍ എന്നിവയാണ് ഇയാളുടെ മോഷണ രീതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here