400 ലേറെ ആഡംബര കാറുകളുള്ള ബാര്‍ബര്‍

ബംഗളൂരു : ഒറ്റമുറി കടയിലെ ബാര്‍ബറില്‍ നിന്നും നാനൂറിലധികം ആഡംബര കാറുകളുടെ ഉടമയായി മാറിയ രമേഷ് ബാബുവാണിത്. സംഭവബഹുലമാണ് ഈ ബംഗളൂരുകാരന്റെ ജീവിതം.

ബിഎംഡബ്ല്യൂ, ജാഗ്വര്‍, ബെന്‍സ്, റോള്‍സ് റോയ്‌സ് എന്നിങ്ങനെ എല്ലാ വിഭാഗത്തിലുള്ള ആഡംബര വാഹനങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. രമേഷില്‍ നിന്ന് നിന്ന് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുക്കുന്നത് ആരൊക്കെയന്നറിയണ്ടേ.

സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങി ബോളിവുഡ് പ്രമുഖരും മറ്റ് മേഖലകളിലെ പ്രശസ്തരുമൊക്കെയാണ് രമേഷിന്റെ ഉപഭോക്താക്കള്‍. കഠിന പ്രയത്‌നത്താലാണ് വെറുമൊരു ബാര്‍ബറില്‍ നിന്ന് രമേഷ് ഇന്നത്തെ നിലയിലേക്ക് പടിപടിയായി വളര്‍ന്നത്.

1979 ല്‍ തന്റെ ഏഴാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ഭര്‍ത്താവിന്റെ ബാര്‍ബര്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്തും വീട്ടുജോലി ചെയ്തുമാണ് രമേഷിന്റെ അമ്മ ഇദ്ദേഹമടക്കം മൂന്ന് മക്കളെ വളര്‍ത്തിയത്.

ഹയര്‍സെക്കന്ററി പഠനം കഴിഞ്ഞപ്പോള്‍ രമേഷ് മുടിവെട്ടിലേക്ക് തിരിഞ്ഞു. ബ്രിഗേഡ് റോഡിലെ കടയില്‍ ജോലി തുടങ്ങി. ഒപ്പം പത്രവിതരണവും പച്ചക്കറിവിതരണവുമൊക്കെ ചെയ്തുകൊണ്ടിരുന്നു.

തുടര്‍ന്ന് 1991 ല്‍ തന്റെ കട മോടി കൂട്ടി അത്യാധുനിക സലൂണായി വികസിപ്പിച്ചു. ഇതോടെ രമേഷ് തിരക്കുള്ള ബാര്‍ബറായി. മൂന്നുവര്‍ഷം കൊണ്ട്
സ്വരുക്കൂട്ടിയ തുകകൊണ്ട് രമേഷ് ഒരു മാരുതി ഒംനി വാങ്ങി.

ബംഗളൂരുവിലെ ഒരു കമ്പനിക്ക് ഇത് വാടകയ്ക്ക് നല്‍കി. ഇത് രമേഷിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി. 2004 ല്‍ രമേഷ് ആറ് കാറുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കി. പിന്നീട് ലക്ഷ്വറി കാറുകളിലേക്ക് ശ്രദ്ധ പതിപ്പിച്ചു.

അതിസമ്പന്നരുടെ യാത്രാ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കി. 2011 ല്‍ മൂന്ന് കോടിക്ക് റോള്‍സ് റോയ്‌സ് വാങ്ങി. രമേഷ് ടൂര്‍ ആന്റ് ട്രാവല്‍സില്‍ ഇപ്പോള്‍ 400 ലേറെ വാഹനങ്ങളുണ്ട്.

റോള്‍സ് റോയ്‌സിലാണ് രമേഷിന്റെ സഞ്ചാരമെങ്കിലും ബ്രിഗേഡ് റോഡിലെ ഇന്നര്‍ സ്‌പേസ് എന്ന ബാര്‍ബര്‍ ഷോപ്പില്‍ ചെന്നാല്‍ രമേഷിനെ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here