ആണ്‍-പെണ്‍ വര്‍ഗങ്ങളിലല്ലാതെ ജന്‍മം; സ്പൂണ്‍ വിര വിസ്മയിപ്പിക്കും

മുംബൈ : കടലിന്നാഴങ്ങള്‍ ഏറെ വിസ്മയക്കാഴ്ചകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ചെറുമീന്‍ മുതല്‍ ആള്‍വിഴുങ്ങി മത്സ്യങ്ങള്‍വരെ. അത്യപൂര്‍വ മത്സ്യജാലങ്ങളും വൈവിധ്യമാര്‍ന്ന ജീവ വര്‍ഗങ്ങളും കടലില്‍ അധിവസിക്കുന്നു. പലനിറങ്ങളില്‍, പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍ വിഹരിക്കുന്നവ.

പവിഴപ്പുറ്റുകളും അമൂല്യ കടല്‍ക്കല്ലുകളും ചിപ്പികളും ശംഖുകളും കടലിന് തിളക്കമേറ്റുന്നു. കൗതുകക്കാഴ്ചയുടെ പീലി വിടര്‍ത്തി സസ്യവിഭാഗങ്ങളും അനവധി. അത്തരത്തില്‍ സാഗരമടിത്തട്ടിലെ വൈവിധ്യമാര്‍ന്നൊരു വിര വര്‍ഗമാണ് സ്പൂണ്‍ വേം.

കടും പച്ചനിറത്തിലുള്ള സ്പൂണ്‍ വിരയെ അറ്റ്‌ലാന്റിക് സമുദ്രത്തിലും മെഡിറ്ററേനിയന്‍ കടലിലുമാണ് വ്യാപകമായി കാണുന്നത്. ബൊണേലിയ വിറിദിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. പെണ്‍ സ്പൂണ്‍ വിരയ്ക്ക് 15 സെന്റീമീറ്റര്‍ വരെ ശരീരത്തെ നിവര്‍ത്താനാകും.

ജലനിരപ്പില്‍ നിന്ന് പത്ത് മുതല്‍ 100 മീറ്റര്‍ താഴ്ചയിലാണ് ഇവയെ കൂടുതലും കണ്ടുവരുന്നത്. പാറക്കെട്ടുകള്‍ക്കിടയിലും മറ്റുമാണ് ഇവയുടെ താവളം. എന്നാല്‍ ആണ്‍ സ്പൂണ്‍ വിരയെ അപൂര്‍വമായേ കാണാറുള്ളൂ. ആണിന്റെ വലിപ്പം ഒന്ന് മുതല്‍ 3 മില്ലീമീറ്റര്‍ വരെയേയുള്ളൂ.

അതായത് പെണ്ണിനേക്കാള്‍ പലമടങ്ങ് ചെറുതെന്ന് അര്‍ത്ഥം. പെണ്‍ സ്പൂണ്‍ വിരകളുടെ തൊലിയില്‍ നിന്ന് ഒരു പ്രത്യേക തരം പച്ച വര്‍ണ്ണം പുറത്തുവരും. ബൊണേലിന്‍ എന്നാണ് ഈ വസ്തുവിന്റെ പേര്. നിരവധി കടല്‍ജീവികളെ സംബന്ധിച്ച് കടുത്ത വിഷമാണ് ഈ വസ്തു.

ബാക്ടീരിയകളും മറ്റ് കൃമികീടങ്ങളുമെല്ലാം ഇതിനാല്‍ എരിഞ്ഞുപോകും. എന്നാല്‍ ഈ വിര വര്‍ഗത്തിന്റെ ലിംഗം നിര്‍ണ്ണയിക്കുന്നത് ഈ പ്രത്യേക വസ്തുവാണ്. ജനിച്ചുവീണ സ്പൂണ്‍വിരയുടെ ലിംഗനിര്‍ണ്ണയം സാധ്യമല്ല. അത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനാകില്ല.

ഒരു ലാര്‍വ കടലിന്നടിയിലേക്കെത്തുമ്പോഴാണ് ഇവയില്‍ ലിംഗ പരിണാമം സംഭവിക്കുന്നത്. ലാര്‍വ കടിലിന്റെ അടിത്തട്ടിലാണ് വന്നെത്തിയാല്‍ അത് ഒരു പെണ്‍ സ്പൂണ്‍ വിരയായി മാറും. തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ബോണെലിന്‍ ഉത്പാദിപ്പിച്ച് പുറംതള്ളിക്കൊണ്ടിരിക്കും.

പ്രസ്തുത വിഷവസ്തു മറ്റൊരു ലാര്‍വയില്‍ സ്പര്‍ശിച്ചാല്‍ പെണ്‍വിരയുടെ വായിലേക്ക് അത് ഇമ്പിയെടുക്കപ്പെടും. പിന്നാലെ ആ ലാര്‍വ അതിന്റെ ലിംഗഭാഗത്തേക്ക് വലിച്ചെടുക്കപ്പെടുകയും ശേഷിക്കുന്ന കാലം അവിടെ ഒരു പരാന്നഭോജിയായി പെണ്‍ശരീരത്തോട് ചേര്‍ന്ന് (ഇത്തിള്‍ക്കണ്ണി) ജീവിക്കുകയും ചെയ്യും.

ഇക്കാലയളവില്‍ അവയുല്‍പ്പാദിപ്പിക്കുന്ന ബീജം പെണ്‍വിരയുടെ അണ്ഡവുമായി ചേര്‍ന്നാണ് പ്രത്യുല്‍പ്പാദനം നടക്കുന്നത്. പെണ്ണിന്റെ ശരീരത്തില്‍ നിന്നുള്ള പോഷകം ശേഖരിച്ചാണ് ആണിന്റെ ജീവിതം. അതായത് ആദ്യം കടലിന്നടിയിലെത്തുന്ന ലാര്‍വ പെണ്ണായി വളരും.

കടലിന്നടിയില്‍ എത്താത്തത് പെണ്ണിനാല്‍ ആകര്‍ഷിക്കപ്പെട്ട് ശരീരത്തോട് ചേര്‍ന്ന് ആണായി പ്രത്യുല്‍പ്പാദനത്തില്‍ പങ്കാളിയാകും. പക്ഷേ കടലിന്നടിയില്‍ കിടക്കുമ്പോഴേ ഇതിന് ഇത്രമേല്‍ സൗന്ദര്യമുണ്ടാകൂ. പുറത്തെടുത്താല്‍ ഭംഗി നഷ്ടപ്പെടുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here