ഉപരോധം അതിജീവിച്ച് തിരിച്ചടിച്ച് ഖത്തര്‍

ദോഹ : അയല്‍രാജ്യങ്ങളുടെ ഉപരോധത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ അതിജീവിച്ച് മുന്നേറി ശക്തമായി തിരിച്ചടിക്കുകയാണ് ഖത്തര്‍. ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് ഖത്തര്‍ പ്രഹരമേല്‍പ്പിക്കുന്നത്.

സൗദി, യുഎഇ, ഈജിപ്റ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ഖത്തര്‍ ഭരണകൂടം വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദിയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങള്‍ മൂന്നാമതൊരു രാജ്യം വഴിയെത്തുന്നതിനും ഖത്തര്‍ തടയിടുന്നു.

ഉപഭോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിയേല്‍പ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് വ്യക്തം.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഒരുവര്‍ഷം മുന്‍പ് ഉപരോധമേര്‍പ്പെടുത്തിയത്. മേഖലയില്‍ ഖത്തര്‍ തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിക്കുകയാണ്.

എന്നാല്‍ ഉപരോധ കാലയളവിനെ വളര്‍ച്ചാ രംഗത്തെ കുതിപ്പിന് ഇന്ധനമാക്കുകയായിരുന്നു ഖത്തര്‍. ഉപരോധത്തിന്റെ ആദ്യ ആഴ്ചകള്‍ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ ഒരുവര്‍ഷത്തിനിപ്പുറം ഖത്തര്‍ സമ്പദ് വ്യവസ്ഥ സുദൃഢമാണെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.

ഉപരോധത്തെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നിട്ടത് നിര്‍ണ്ണായകമായി. ഇതോടെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനായി. വ്യാപാര ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ആഭ്യന്തര പാല്‍, ഇറച്ചി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിച്ചു. ഭക്ഷ്യരംഗത്ത് ഈ രീതിയിലാണ് കുതിപ്പുണ്ടാക്കിയത്.

ഉപരോധത്തെ തുടര്‍ന്ന് 4 രാജ്യങ്ങള്‍ വ്യോമപാത നിഷേധിച്ചതോടെ തുര്‍ക്കി, ഇറാന്‍,ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കി. ഇത് ടൂറിസം രംഗത്ത് വളര്‍ച്ചയ്ക്കിടയാക്കി.

4 രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം നിരോധിക്കപ്പെട്ടത് ഖത്തര്‍ എയര്‍ലൈന്‍സിന് തിരിച്ചടിയായിരുന്നു. ഒറ്റയടിക്ക് 20 ഡെസ്റ്റിനേഷനുകളാണ് നഷ്ടമായത്. ന്നൊല്‍ ചിയാങ് മൈ, തായ്‌ലന്‍ഡ്, സെന്റ് പീറ്റേര്‍സ്ബര്‍ഗ്, റഷ്യ, പെനാങ്, മലേഷ്യ കാര്‍ഡിഫ്, യുകെ, മൊകൊനോസ്,ഗ്രീസ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് ഈ പ്രതിസന്ധിയെ തന്ത്രപരമായി അതിജീവിച്ചു.

ഇതൊന്നും കൂടാതെ കടപ്പത്രങ്ങളിലൂടെ 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനായതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സുരക്ഷിതമാക്കി. ഫലത്തില്‍ ഉപരോധം തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ വഴിവെച്ചെന്ന് ഖത്തര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here