കര്‍ണാടകയില്‍ അരങ്ങുതകര്‍ത്ത് കുതിരക്കച്ചവടം

ബംഗളൂരു : രാഷ്ട്രീയാനിശ്ചിതാവസ്ഥയുടെ പാരമ്യതയിലാണ് കര്‍ണാടക. തൂക്കുസഭ കുതിരക്കച്ചവടത്തിനാണ് വഴിതുറന്നത്. അധികാരം പിടിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിക്കുന്നു.

എംഎല്‍എമാര്‍ക്ക് 100 കോടി രൂപയാണ് വാഗ്ദാനമെന്ന് ജെഡിഎസ് അദ്ധ്യക്ഷന്‍ കുമാരസ്വാമി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ് പക്ഷത്തുള്ള ചില എംഎല്‍എമാര്‍ ബിജെപി ക്യാംപിനോട് അനുഭാവം പുലര്‍ത്തുന്നതായി അഭ്യൂഹങ്ങളുണ്ട്.

224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 എംഎല്‍എമാരുടെ പിന്‍തുണ വേണം. ബിജെപിക്ക് 104 അംഗങ്ങളേയുള്ളൂ. എന്നാല്‍ കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം അംഗങ്ങളുണ്ട്. രണ്ട് സ്വതന്ത്രരുമുണ്ടെന്ന് ഈ സഖ്യം അവകാശപ്പെടുന്നു.

അങ്ങനെയെങ്കില്‍ 118 പേരുടെ പിന്‍തുണ കോണ്‍ഗ്രസിന് ഉണ്ടാവേണ്ടതാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയേക്കുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങാണ് ഒരാള്‍.

മറ്റൊരു എംഎല്‍എയെ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബിജെപി ഡല്‍ഹിയിലേക്ക് കടത്തിയതായും കോണ്‍ഗ്രസ്-ദള്‍ സഖ്യം ആരോപിക്കുന്നു. ആനന്ദ് സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി കൂറുമാറ്റുകയായിരുന്നുവെന്നാണ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ വാക്കുകള്‍.

ഡല്‍ഹിയിലേക്ക് കടത്തിയെന്ന് പരാമര്‍ശിക്കപ്പെട്ട എംഎല്‍എ ആരാണെന്ന് വ്യക്തമല്ല. അതേസമയം ദള്‍ ക്യാംപിലും ആശങ്കയുണ്ട്. രണ്ട് എംഎല്‍എമാര്‍ ബിജെപിയുമായി അനുഭാവം പുലര്‍ത്തുന്നതായാണ് വിവരം.

കുമാരസ്വാമിയുടെ ആരോപണം ശരിയെങ്കില്‍ 100 കോടിയാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്നത്. കൂടാതെ മന്ത്രി പദവിയും. ഇതിന് വഴങ്ങിയില്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് കേസില്‍ കുടുക്കുമെന്ന ഭീഷണിയും. പല എംഎല്‍എമാരും ഇത്തരം വാഗ്ദാനങ്ങളിലും ഭീഷണികളിലും വീഴുകയാണ്.

ഇവര്‍ നിയമസഭയില്‍ യെദ്യൂരപ്പ സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ കൂറുമാറ്റനിരോധന നിയമപ്രകാരം രാജിവെച്ച് വീണ്ടും ജനവിധി തേടേണ്ടിവരും. ഇത്തരത്തില്‍ ഇവരെ വീണ്ടും ജയിപ്പിച്ച് ഒപ്പം നിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here