150 രൂപയില്‍ തുടങ്ങിയ പ്രേം ഇന്ന് കോടിപതി

ചെന്നൈ : ഇത് പ്രേം ഗണപതി. നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതം വെട്ടിപ്പിടിച്ച് ഉയര്‍ച്ചകള്‍ കീഴടക്കിയ കോടിപതി. 30 കോടിയാണ് ഈ ബിസിനസുകാരന്റെ ഇപ്പോഴത്തെ പ്രതിമാസവരുമാനം. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ പ്രേം ഗണപതിയുടെ ജീവിതം വഴിത്തിരിവുകളാല്‍ സമ്പന്നമാണ്.

ജോലിതേടി അലഞ്ഞതിന്റെയും കഠിനാധ്വാനം ചെയ്ത് തളര്‍ന്നതിന്റെയുമെല്ലാം വിയര്‍പ്പുമണമൂറുന്ന കഥയാണ് ഗണപതിയുടെ ജീവിതം.അഞ്ചു സഹോദരന്‍മാരും ഒരു സഹോദരിയുമാണ് പ്രേമിനുണ്ടായിരുന്നത്. അച്ഛന്‍ യോഗാധ്യാപകനായിരുന്നു. എന്നാല്‍ കാര്‍ഷിക വൃത്തിയായിരുന്നു പ്രധാന ജീവിതോപാധി.പ്രേം പത്തില്‍ പഠിക്കുമ്പോഴാണ് കൃഷിയില്‍ നഷ്ടം സംഭവിച്ച് അച്ഛന്റെ സമ്പാദ്യമെല്ലാം കൈവിട്ടുപോയത്. ഇതോടെ പതിനേഴാം വയസ്സില്‍, കുടുംബം പോറ്റാന്‍ ഒരു ജോലി തേടി പ്രേം മുംബൈയിലേക്ക് തിരിച്ചു. അന്ന് കൈവശമുണ്ടായിരുന്നത് വെറും ഇരുന്നൂറ് രൂപ. ആകെ അറിയാവുന്നത് തമിഴ്ഭാഷ മാത്രം.

എന്നാല്‍ ആ ഇരുന്നൂറ് രൂപ മോഷ്ടാക്കള്‍ പിടിച്ചുപറിച്ചു. ഇതോടെ മുംബൈ തെരുവില്‍ ജോലി തേടിയലഞ്ഞു. ആദ്യം ചേര്‍ന്നത് ഒരു ബേക്കറിയില്‍. പാത്രം കഴുകലാണ് ജോലി. മാസം 150 രൂപ ശമ്പളം. ബേക്കറിയില്‍ താമസിക്കാം. രണ്ട് വര്‍ഷം അവിടെ തുടര്‍ന്നു. ഇതിനിടെ മറ്റിടങ്ങളിലും ജോലി തേടി.തുടര്‍ന്ന് പല പല ഹോട്ടലുകളില്‍ ജോലി നോക്കി. പിസാ ഡെലിവറിയും ചെയ്തു.കിട്ടുന്ന കൂലിയില്‍ നിന്ന് നിശ്ചിത തുക സ്വരുക്കൂട്ടി വെച്ചു. അങ്ങനെയാണ് സ്വന്തമായി ഇഡ്ഡലിയും ദോശയും വില്‍ക്കാനാരംഭിച്ചത്. സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയെല്ലാം ഒരു ഉന്തുവണ്ടിയും സംഘടിപ്പിച്ചായിരുന്നു കച്ചവടം.

ആദ്യ ഘട്ടത്തില്‍ കടുത്ത പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ഉന്തുവണ്ടി വില്‍പ്പനയ്ക്ക് അനുമതി തേടാത്തതിന്റെ പേരില്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ വാഹനം പിടിച്ചുവെച്ചു. എന്നാല്‍ പ്രേം പിന്നോക്കം പോകാന്‍ തയ്യാറായില്ല. ഇഡ്ഡലിയും ദോശയും വില്‍പ്പന നടത്തി മാസവരുമാനം ഇരുപതിനായിരത്തിലെത്തിച്ചു. തുടര്‍ന്ന് വൈകുന്നേരങ്ങളില്‍ രണ്ട് മണിക്കൂര്‍ കമ്പ്യൂട്ടര്‍ പഠനത്തിനായി നീക്കിവെച്ചു. ഇക്കാലയളവില്‍ പലതരം ബിസിനസുകളെക്കുറിച്ച് വായിച്ച് മനസ്സിലാക്കി. വൈകാതെ പ്രേം സാഗര്‍ ദോശ പ്ലാസയെന്ന പേരില്‍ 1997 ല്‍ കട തുടങ്ങി. രണ്ട് ജോലിക്കാരെയും വെച്ചു. സമാനതളില്ലാത്ത 26 ഇനം ദോശകളാണ് പ്രേം അവതരിപ്പിച്ചത്.

പെഷ്‌വാന്‍ ദോശ, പനീര്‍ ചില്ലി, സ്പ്രിങ് റോള്‍ അങ്ങിനെ നീളുന്നു പട്ടിക. അയ്യായിരം രൂപ വാടകയുണ്ടായിരുന്ന കടയില്‍ നിന്നുളള മാസവരുമാനം വൈകാതെ ഒരു ലക്ഷത്തിലേക്കെത്തി. അഞ്ച് വര്‍ഷം പിന്നിടുമ്പോഴേക്കും നൂറ്റിയഞ്ചോളം ഇനം ദോശകളാണ് പ്രേം ഗണപതി അവതരിപ്പിച്ചത്.സമീപത്തെ മാളില്‍ ദോശവില്‍പ്പന കേന്ദ്രത്തിന് അനുമതി ലഭിച്ചതോടെ ലാഭവളര്‍ച്ച മികച്ചതായി. ഇപ്പോള്‍ ഇന്ത്യയിലുടനീളം നാല്‍പ്പത്തിയഞ്ചോളം വില്‍പ്പന കേന്ദ്രങ്ങളും യുഎഇ,ഒമാന്‍, ന്യൂസിലാന്‍ഡ് അടക്കം വിദേശ രാജ്യങ്ങളില്‍ 7 ഔട്ട്‌ലെറ്റുകളുമുണ്ട്.

രാജ്യത്തിനകത്തും പുറത്തും പ്രേമിന്റെ ദോശ തരംഗമാവുകയാണ്. കഠിനാധ്വാനം ഒന്നുമാത്രം കൈമുതലാക്കിയാണ് പ്രേം ഗണപതി ഉയരങ്ങള്‍ വെട്ടിപ്പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here