കെഎസ്ആര്‍ടിസിയെ തിരികെ വിളിച്ചത് റോസ്മി

തിരുവനന്തപുരം : അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സര്‍, എന്തിനാണ് ആ ബസ് ആലുവയിലേക്ക് കൊണ്ടുപോയത്. ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ ? ദിവസങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസിയിലേക്ക് വന്ന ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശം ഇങ്ങനെയായിരുന്നു.

ഈരാറ്റുപേട്ട-കൈപ്പള്ളി-കോട്ടയും-കട്ടപ്പന റൂട്ടില്‍ ലിമിറ്റഡ് സ്‌റ്റോപ്പായി സര്‍വീസ് നടത്തിവന്നിരുന്ന ആര്‍എസ്‌സി 140 വേണാട് ബസ് ആലുവയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ പരാതി പറയാനായിരുന്നു പെണ്‍കുട്ടി വിളിച്ചത്.

കോള്‍ അറ്റന്‍ഡ് ചെയ്ത ആലുവ കെഎസ്ആര്‍ടിസി ഡിപ്പോ ഇന്‍സ്‌പെക്ടര്‍ സിടി ജോണി തൃപ്തികരമായ മറുപടിയും നല്‍കി. എന്നാല്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണെന്ന് മാത്രമാണ് പെണ്‍കുട്ടി സംഭാഷണത്തിനിടെ പറഞ്ഞത്.

എന്നാല്‍ ഈ ഫോണ്‍കോള്‍ വൈറലായി. ഇതോടെ ആരാധികയുടെ അഭ്യര്‍ത്ഥന കെഎസ്ആര്‍ടിസി അംഗീകരിച്ചു. ഇതിനോടകം കണ്ണൂരിലെത്തിയിരുന്ന ബസ് തിരികെ വിളിച്ച് ചങ്ക് എന്ന് പേരും നല്‍കി ഈരാറ്റുപേട്ടയില്‍ വീണ്ടും സര്‍വീസിനിറക്കുകയും ചെയ്തു.

ഇതോടെ ആ പെണ്‍ശബ്ദത്തിന് സമൂഹ മാധ്യമങ്ങളില്‍ കയ്യടിയേറി. ഒടുവില്‍ ഇതാ ആ പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നു. കോട്ടയംകാരി വിദ്യാര്‍ത്ഥി റോസ്മിയാണ് ആ പരാതിക്കാരി. റോസ്മി കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചു.

താന്‍ കെഎസ്ആര്‍ടിസിയുടെ വലിയ ഫാനാണ്. കൂടാതെ പ്രസ്തുത ബസ് സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയുമാണ്. ബസ് നഷ്ടമാകുമോയെന്ന ആശങ്കയാലാണ് വിളിച്ചതെന്നും റോസ്മി പറയുന്നു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയാണ് ബസിന് ചങ്ക് എന്ന് പേരുനല്‍കാന്‍ നിര്‍ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here