ഇതാണാ 21 കോടിയടിച്ച ജോണ്‍ വര്‍ഗീസ്

ദുബായ് : ഒടുവില്‍ ആ 21 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 21 കോടി രൂപയടിച്ചത് പത്തനംതിട്ട ആറന്‍മുള പീടികയില്‍ വീട്ടില്‍ ജോണ്‍ വര്‍ഗീസിനാണ്. എന്നാല്‍ സംഭവത്തില്‍ ഒരു ട്വിസ്റ്റുണ്ട്. 8 പേരാണ് ആ 21 കോടിയുടെ അവകാശികള്‍.

12 ദശലക്ഷം ദിര്‍ഹത്തിന്റെ ടിക്കറ്റ് ജോണ്‍വര്‍ഗീസും 8 സുഹൃത്തുക്കളും ചേര്‍ന്നാണ് എടുത്തത്. ദുബായ് ജുമൈറ ലെയ്ക് ടവേഴ്‌സിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ് ജോണ്‍ വര്‍ഗീസ്.

തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായ കാസര്‍കോട് ഉദുമ സ്വദേശി അനീഷ്‌കുമാറും മറ്റ് ജീവനക്കാരുമാണ് ബാക്കിയുള്ളവര്‍. 50,100 ദിര്‍ഹം വീതം നിക്ഷേപിച്ചാണ് ഇവര്‍ ടിക്കറ്റെടുത്തത്.

ടിക്കറ്റെടുത്ത മറ്റ് രണ്ട് ജോണ്‍ വര്‍ഗീസുമാര്‍ നേരത്തെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. അബുദാബിയിലുള്ള പുതുപ്പള്ളി സ്വദേശി ജോണ്‍ വര്‍ഗീസിനാണ് 21 കോടിയടിച്ചതെന്നാണ് ആദ്യം ആളുകള്‍ കരുതിയത്.

തുടര്‍ന്ന് ഇദ്ദേഹത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ തനിക്കല്ല സമ്മാനമെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. തനിക്കല്ല സമ്മാനമെന്നും ദയവുചെയ്ത് ഇക്കാര്യം പറഞ്ഞ് ആരും വിളിക്കരുതെന്നുമായിരുന്നു കുറിപ്പ്.

ഇതിന് പിന്നാലെയാണ് ദുബായിലുള്ള 60 കാരനായ പത്തനംതിട്ട സ്വദേശി ജോണ്‍ വര്‍ഗീസിന്റെ പേരില്‍ പ്രചരണമുണ്ടായത്. ഇതോടെ, താനല്ല ആ ഭാഗ്യവാനെന്ന് വ്യക്തമാക്കി ഇദ്ദേഹവും രംഗത്തെത്തി.

ഒടുവിലിതാ യഥാര്‍ത്ഥ ജോണ്‍ വര്‍ഗീസ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജോണ്‍ വര്‍ഗീസ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റെടുക്കാറുണ്ട്. പക്ഷേ ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here