73 ഗുണ്ടകളെ അകത്താക്കിയ ആക്ഷന്‍ഹീറോ

ചെന്നൈ : മലയാളിയായ ഗുണ്ടബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ 73 കൊടുംകുറ്റവാളികളാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ അറസ്റ്റിലായത്. അമ്പാട്ടൂര്‍ ഡപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലുവിന്റെ സമയോചിത ഇടപെടലാണ് പിടികിട്ടാപ്പുള്ളികള്‍ അടക്കമുള്ള കൊടുംകുറ്റവാളികളെ വലയിലാക്കാന്‍ സഹായിച്ചത്.

ഇതോടെ സര്‍വേശിന് സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്രിമിനലുകള്‍ എത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ച സര്‍വേശ് തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു.

വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിലായ ഒരു ഗുണ്ടയില്‍ നിന്നാണ് 9 മണിക്ക് തുടങ്ങുന്ന പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. സര്‍വേശ് ഉടന്‍ വിവരം കമ്മീഷണര്‍ എ കെ വിശ്വനാഥിന് കൈമാറി. തുടര്‍ന്ന് യോം ചേര്‍ന്ന് 70 ഓളം പൊലീസുകാരുടെ സംഘത്തിന് നേതൃത്വം നല്‍കി.

രാത്രി 11 ഓടെ മഫ്തിയില്‍ പൊലീസ് പിറന്നാള്‍ ആഘോഷ സ്ഥലത്തെത്തുകയും തോക്കുമായി ചാടിവീണ് ഗുണ്ടകളെ വരുതിയിലാക്കുകയുമായിരുന്നു. 100 ഓളം ഗുണ്ടകള്‍ എത്തിയതില്‍ നിന്നാണ് 73 പേരെ പിടികൂടാനായത്. 45 ബൈക്കുകളിലും 7 കാറുകളിലുമായാണ് ഇവര്‍ എത്തിയത്.

2 വര്‍ഷമായി ഒളിവിലുള്ള ബിനുവിന്റെ 47 ാമത് പിറന്നാല്‍ ആഘോഷിക്കാനാണ് ഇവര്‍ ഒത്തുകൂടിയത്. മലയമ്പാക്കത്തെ ഒരു ലോറി ഷെഡ്ഡിലായിരുന്നു ആഘോഷം. കത്തിക്ക് പകരം വടിവാള്‍ ഉപയോഗിച്ചാണ് ബിനു കേക്ക് മുറിച്ചത്.

സര്‍വേശിന്റെയും സംഘത്തിന്റെയും ചടുല നീക്കത്തില്‍ ഇത്രയും കുറ്റവാളികളെ ഒറ്റയടിക്ക് പിടികൂടാനായതോടെ തുമ്പില്ലാത്ത നിരവധി കേസുകളിലാണ് നിര്‍ണ്ണായക വഴിത്തിരുവുണ്ടാകുന്നത്. സര്‍വേശ് നേരത്തേ തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്.

4 വര്‍ഷമായി തെളിയിക്കാന്‍ കഴിയാതിരുന്ന ഒരു വധക്കേസ് ചുരുളഴിച്ചാണ് സര്‍വേശ് ശ്രദ്ധയാകര്‍ഷിച്ചത്. ഒരു സ്ത്രീയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായിരുന്നു കേസ്. പ്രതികളെ പിടികൂടി അഴിക്കുള്ളിലാക്കാന്‍ സര്‍വേശിന് സാധിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറാണ് സര്‍വേശ്.

എന്നാല്‍ ചെറുപ്പം മുതലേയുള്ള ആഗ്രഹത്തിന്റെ പുറത്താണ് പൊലീസുകാരനായത്. ജനത്തിന് സുരക്ഷിതമായും സന്തോഷകരമായും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സര്‍വേശ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here