കള്ളനെ സഹായിച്ച് പൊലീസ്

തൊടുപുഴ: മൂന്ന് നാല് ദിവസത്തെ വിശപ്പടക്കാന്‍ വയ്യാതെ വന്നപ്പോള്‍ അയാള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍നിന്ന് 20 രൂപ എടുത്തു. ദൈവം ക്ഷമിക്കുമെന്ന വിശ്വാസത്തോടെ. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടേ, അയാള്‍ പണം എടുക്കുന്നത് ക്ഷേത്രത്തിലെ ചിലര്‍ കണ്ടു.

അവരുടന്‍ പൊലീസിനെ വിളിച്ചു. പോലീസെത്തി അയാളെ പിടികൂടി. വിശന്നിട്ടാണെന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍ തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാര്‍ അയാള്‍ക്ക് ദൈവമായി. അവര്‍ കൈയ്യിലുണ്ടായിരുന്ന 500 രൂപ കൊടുത്തിട്ട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് തൊടുപുഴയിലെ പ്രശസ്തമായ ക്ഷേത്രത്തിലായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോഴാണ് ഇയാള്‍ ഉരുളിയില്‍ നിന്ന് പണം എടുത്തത്. ഇത് കണ്ട ക്ഷേത്രം ഭാരവാഹികള്‍ ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയും, അവരെത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകമായിരുന്നു.

ദിവസങ്ങള്‍ക്കുമുമ്പ് തൊടുപുഴയില്‍ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു മോനിപ്പള്ളി സ്വദേശിയായ ഈ യുവാവ്. എന്നാല്‍ പറഞ്ഞുവച്ചിരുന്ന ജോലി കിട്ടാതായപ്പോള്‍ ഗത്യന്തരമില്ലാതായി.

മോനിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ നല്ലനടപ്പുകാരനാണെന്നും മറ്റു കേസുകളൊന്നും ഇല്ലെന്നും വ്യക്തമായി. ഇതോടെയാണ് പൊലീസുകാര്‍ പണം നല്‍കി പറഞ്ഞയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here