മുഖ്യന്‌ വധഭീഷണി:യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജേഷ് ബാലനാണ് പിടിയാലയത്. ഇയാള്‍ കണ്ണൂര്‍ ചെറുതാഴം മണ്ടൂര്‍ സ്വദേശിയാണ്. മൊബൈല്‍ സിഗ്നല്‍ പിന്‍തുടര്‍ന്ന് കാസര്‍കോട്ട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നാണ് ഇയാളെ വലയിലാക്കിയത്. ശനിയാഴ് വൈകീട്ട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം വധിക്കുമെന്ന് വിജേഷ് ഭീഷണി മുഴക്കിയത്.

ഉടന്‍ തന്നെ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പൊലീസിനെയും അറിയിച്ചു. ചെറുതാഴം സ്വദേശിയായ യുവതിയുടെ പേരിലുള്ള നമ്പറില്‍ നിന്നാണ് വിളി വന്നതെന്ന് പൊലീസ് ആദ്യമേ കണ്ടെത്തി. തുടര്‍ന്നാണ് വിജേഷ് എന്നയാളാണ് ഇപ്പോള്‍ നമ്പര്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമായത്.

ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് മൊബൈല്‍ സിഗ്നല്‍ പിന്‍തുടര്‍ന്നെത്തി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് തിങ്കളാഴ്ച രാവിലെ ഇയാളെ പിടികൂടുകയായിരുന്നു.

ത്രിപുരയിലെ ബിജെപി വിജയത്തിന്റെ ആവേശത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛനും അമ്മയും മരണപ്പെട്ടശേഷം ഇയാള്‍ കണ്ണൂരിലേക്ക് വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പയ്യന്നൂര്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് ഭീഷണി മുഴക്കിയതിന് ഇയാള്‍ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് പൊലീസ് കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here