പാര്‍ക്കിംഗ് തര്‍ക്കത്തില്‍ മൂന്ന് മരണം

ന്യൂഡല്‍ഹി : പാര്‍ക്കിംഗിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ന്യൂഡല്‍ഹിയില്‍ മൂന്ന് മരണം. മോഡല്‍ ടൗണില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോട് അടുത്തായിരുന്നു നടുക്കുന്ന സംഭവം.

സഹോദരന്‍മാരും ഇതില്‍ ഒരാളുടെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജസ്പാല്‍ സിങ്, സഹോദരന്‍ ഗുര്‍ജീത് സിങ്, പ്രബ്‌ജോത് കൗര്‍ എന്നിവരാണ് മരിച്ചത്.

രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ജസ്പാലിന്റെ മകള്‍ ഹരിപ്രിയ, ഗുര്‍ജീതിന്റെ മകന്‍ ജഗ്നൂര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. റിയല്‍ എസ്റ്റേറ്റ്, റസ്റ്റോറന്റ്, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ ബിസിനസുകള്‍ നടത്തുന്നവരാണ് 52 കാരനായ ജസ്പാലും 48 കാരനായ ഗുര്‍ജീതും.

മൂന്ന് നിലകളിലുള്ള ബംഗ്ലാവിന്റെ ഓരോ നിലകളിലായാണ് ഇവര്‍ കഴിയുന്നത്. ഇരുവര്‍ക്കുമായി 9 കാറുകളുണ്ട്. ഇവ പാര്‍ക്ക് ചെയ്യുന്നതിലെ തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്.

വ്യാഴാഴ്ച് രാത്രി 11.30 ഓടെ ജസ്പാലും ഗുര്‍ജീതും ഒരുമിച്ച് പാര്‍ക്ക് ചെയ്യാനെത്തി. വാഹനം മാറ്റാത്തതിനെ തുടര്‍ന്ന് ഗുര്‍ജീത് ജസ്പാലിന്റെ കാറില്‍ ഇടിച്ചു. ഇതോടെ പ്രകോപിതനായ ജസ്പാല്‍ കാറില്‍ നിന്നിറങ്ങി ഗുര്‍ജീതിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഇത് തടയാന്‍ ശ്രമിച്ച ഗുര്‍ജീതിന്റെ മകന്‍ ജഗ്നൂറിനും കുത്തേറ്റു. തുടര്‍ന്ന് ജസ്പാല്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ ഗുര്‍ജീതിന്റെ ഗാര്‍ഡുകള്‍ ഇയാളെ വെടിവെച്ചിട്ടു. നിറയൊഴിക്കുന്നതിന് തടസം നിന്നപ്പോള്‍ ഭാര്യയെയും ഗാര്‍ഡുമാര്‍ വെടിവെച്ചിട്ടു. മൂവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here