3 കാരണങ്ങള്‍ മുന്‍നിര്‍ത്തി അന്വേഷണം

ടെഹ്‌റാന്‍ : 66 യാത്രക്കാരുമായി ഇറാനില്‍ വിമാനം തകര്‍ന്നുവീണു. ഒരു കുട്ടിയുള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു. ടെഹ്‌റാനില്‍ നിന്ന് ഇറാനിലെ തന്നെ യാസൂജിയിലേക്ക് തിരിച്ച ആസിമന്‍ എയര്‍ലൈനാണ് അപടത്തില്‍പ്പെട്ടത്. എടിആര്‍ 72 വിമാനം അടിയന്തര ലാന്‍ഡിങ്ങിനിടെ തകരുകയായിരുന്നു.

പ്രാദേശിക സമയം രാവിലെ അഞ്ചിനാണ് വിമാനം പറന്നുയര്‍ന്നത്. 50 മിനിട്ടിന് ശേഷം എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി. തുടര്‍ന്ന് ഒരു പുല്‍മൈതാനിയില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചതും ദുരന്തത്തില്‍ കലാശിച്ചു. ഇസ്ഫഹാന്‍ പ്രവിശ്യയ്ക്ക് തെക്ക് ഭാഗത്ത് പര്‍വത മേഖലയിലാണ് വിമാനം തകര്‍ന്ന് പതിച്ചത്.

60 യാത്രക്കാരും 6 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട മേഖലയായതിനാല്‍ ഇവിടേക്ക് എത്തിപ്പെടാന്‍ സുരക്ഷാസേനയും സന്നദ്ധ പ്രവര്‍ത്തകരും നന്നേ ബുദ്ധിമുട്ടി. ആംബുലന്‍സുകള്‍ക്കും ഇവിടേക്ക് എത്താന്‍ കഴിയുന്നില്ല. മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അപകടം.

ഇതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയാണ് ആസിമന്‍ എയര്‍ലൈന്‍സ്. ടെഹ്‌റാന്‍-യാസൂജ് മേഖലയില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു വിമാന കമ്പനിയും ആസിമനാണ്. വ്യോമവാഹനത്തിന് കാലപ്പഴക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

കാലാവസ്ഥാ പ്രശ്‌നം, പൈലറ്റിന്റെ വീഴ്ച, വിമാനത്തിന്റെ കാലപ്പഴക്കം എന്നീ മൂന്ന് സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗിക്കുന്നത്. കഴിഞ്ഞയാഴ്ച റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ 71 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here