കായലില്‍ വീണ് 2 വയസുകാരി മരിച്ചു

Representative image

ആലപ്പുഴ: മുംബൈയില്‍ നിന്നും ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ ടെക്കികള്‍ മടങ്ങുന്നത് മകളുടെ മൃതദേഹവുമായി. മുംബൈ കല്യാണ്‍ സ്വദേശികളായ ശിവപ്രസാദ് ഷെട്ടിയുടെ മകള്‍ അന്‍വിതഷെട്ടി കായലില്‍ വീണ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ നിര്‍മാണത്തിലിരിക്കുന്ന കൈനകരി മുണ്ടയ്ക്കല്‍ പാലത്തിന് കിഴക്കുഭാഗത്താണ് അപകടം ഉണ്ടായത്.

ഇവര്‍ സഞ്ചരിച്ച ഹൗസ്‌ബോട്ട് പാലത്തിന് സമീപം യാത്ര അവസാനിപ്പിച്ച് രാത്രി കാഴ്ചകള്‍ ആസ്വദിക്കാനായി തീരത്ത് നങ്കൂരമിട്ടിരുന്നു. ഇതിന് ശേഷം മാതാപിതാക്കളോടൊപ്പം ബോട്ടിന്റെ മുമ്പിലിരുന്ന് കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നു.

തുടര്‍ന്ന് ശിവപ്രസാദും ഹൗസ്‌ബോട്ടിലെ ജീവനക്കാരും ആറ്റിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളത്തിനടിയില്‍നിന്നും കുട്ടിയെ കരയ്‌ക്കെടുത്തത്.

തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഐ.ടി. ഉദ്യോഗസ്ഥനായ ശിവപ്രസാദും കുടുംബവും ഉല്ലാസ യാത്രയ്ക്കായി കേരളത്തിലേക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹൗസ്‌ബോട്ട് യാത്ര ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here