ഈ പൊലീസുകാരനെ അഭിനന്ദിച്ച് ലോകം

ഹൈദരാബാദ് :തെരുവില്‍ അവശയായി കിടന്ന വൃദ്ധയ്ക്ക് ഭക്ഷണം നല്‍കിയ പൊലീസുകാരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. ഹൈദരാബാദ് ട്രാഫിക് പൊലീസിലെ ജീവനക്കാരന്‍ ബി ഗോപാലാണ് കാരുണ്യം നിറഞ്ഞ ഈ പ്രവൃത്തിയിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്.

ഹൈദരാബാദിലെ കൂക്കാട്ടുപ്പള്ളി ജവഹര്‍ ലാല്‍ നെഹ്‌റു സാങ്കേതിക സര്‍വകലാശാലയുടെ മുന്നിലെ റോഡില്‍ ട്രാഫിക് നിയന്ത്രിക്കവെയാണ് ബുച്ചമ്മ എന്ന വൃദ്ധ അവശയായി റോഡില്‍ കിടക്കുന്നത് ഗോപാലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബുച്ചമ്മ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ തെരുവില്‍ അലഞ്ഞു തിരയുന്നത് ഗോപാല്‍ ശ്രദ്ധിക്കാറുണ്ട്.

അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ബുച്ചമ്മയ്ക്ക് റോഡില്‍ ഇങ്ങനെ അലഞ്ഞു തിരയുന്നതിനിടെ ഒരു അപകടം പറ്റി. അതിന് ശേഷം ഇവിടെ ഡ്യൂട്ടിക്ക് വരുന്ന ട്രാഫിക് പൊലീസുകാരുമായി വൃദ്ധ നല്ല ബന്ധമാണ് പുലര്‍ത്തി പോന്നത്. ഒമ്പത് മക്കളുണ്ടായിരുന്ന ബുച്ചമ്മയെ വീട്ടുകാര്‍ ഒടുവില്‍ വയസ്സ് കാലത്ത് വഴിയരികില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

ഈ കാര്യങ്ങളൊക്കെ ഗോപാലിന് അറിയാമായിരുന്നു.  വിശപ്പ് കാരണമാണ് വൃദ്ധ റോഡില്‍ തളര്‍ന്ന് കിടക്കുന്നതെന്ന് ഗോപാലിന് കണ്ടപാടെ മനസ്സിലായി. ഉടന്‍ തന്നെ അടുത്തുള്ള കടയില്‍ നിന്നും ഭക്ഷണം വാങ്ങി ഗോപാല്‍ ബുച്ചമ്മയ്ക്ക് അരികിലെത്തി. ശേഷം വൃദ്ധയെ പിടിച്ചെഴുന്നേല്‍പ്പിച്ച് സ്വന്തം കൈ കൊണ്ട് ഭക്ഷണം വായില്‍ വെച്ച് നല്‍കി.

വൃദ്ധയ്ക്ക് ഭക്ഷണം നല്‍കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ഈ പൊലീസുകാരനെ തേടിയെത്തുന്നത്. ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് വൃദ്ധയെ സാമൂഹ്യ പ്രവര്‍ത്തകരെത്തി വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചു. മേല്‍ ഉദ്യോഗസ്ഥന്‍മാരടക്കം നിരവധി പേരാണ് ഇദ്ദേഹത്തിന്റെ ഈ നല്ല മനസ്സിന് അഭിനന്ദിച്ച് കൊണ്ട് സമൂഹ മാധ്യമത്തില്‍ രംഗത്തെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here