യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസുകാര്‍

ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിന് അമ്മയെയും മകനെയും നടുറോട്ടില്‍ അപമാനിച്ച് പൊലീസുകാര്‍. യുവാവിനെ ട്രാഫിക് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നു.

പ്രകാശ് എന്ന 21 വയസുകാരനായ യുവാവിനെ മൂന്ന് പൊലീസുകാര്‍ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തടയാന്‍ ശ്രമിച്ച അമ്മയേയും ഇവര്‍ അപമാനിക്കുന്നുണ്ട്. എന്നാല്‍ അമ്മയോട് മോശമായി പെരുമാറിയ പൊലീസുകാരന്റെ കോളറിന് പിടിക്കുന്നുണ്ട് പ്രകാശ്.

ഇതോടെ പൊലീസ് യുവാവിനെ സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. ചെന്നൈ ടി നഗറിലാണ് പൊലീസിന്റെ ഈ ക്രൂരത. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ് ഇരുപത്തിയൊന്നുകാരനായ പ്രകാശ്.

അമ്മയും സഹോദരിയുമൊത്ത് ഹോല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ പോവുകയായിരുന്ന പ്രകാശിനെ ട്രാഫിക് പൊലീസ് തടയുകയായിരുന്നു. മൂന്ന് പേര്‍ ഒന്നിച്ച് യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനുമായിരുന്നു ഇവരെ പൊലീസ് പിടിച്ചത്.

എന്നാല്‍ തന്റെ സഹോദരിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു പ്രകാശിന്റെ വാദം. വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here