മോഷണ രാജ്ഞി പാളത്തില്‍ മരിച്ച നിലയില്‍

സൂറത്ത് :ട്രെയിനിലെ’ മോഷണങ്ങളിലെ രാജ്ഞി’ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ സംഗീത അഗര്‍വാളിനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2006 മുതല്‍ ഉത്തരേന്ത്യയിലെ ട്രെയിനുകളില്‍ നടന്ന നിരവധി മോഷണ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാ പുള്ളിയാണ് സംഗീത എന്ന 45 വയസ്സുകാരി.

മധ്യപ്രദേശിലെ ഗരോത്തിന് സമീപത്തായുള്ള റെയില്‍വേ ട്രാക്കിലാണ് സംഗീത അഗര്‍വാളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജധാനി എക്‌സ്പ്രസില്‍ സൂറത്തിലേക്കുളള യാത്ര മധ്യേയാണ് ഇവരുടെ മരണം നടന്നത്. എന്നാല്‍ സംഗീത അബദ്ധത്തില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചതോണോ അതോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല.

മരിക്കുന്നതിന് തൊട്ടു മുന്‍പും ഒരു കളവ് കേസില്‍ ട്രെയിനില്‍ വെച്ച് മറ്റ് യാത്രക്കാര്‍ ഇവരെ പിടികൂടിയിരുന്നു. ഒരു യുവതിയുടെ ബാഗ് മോഷണം പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അന്വേഷണം നടത്തുന്നതിനിടെ സംഗീത എളുപ്പത്തില്‍ ബാത്ത് റൂമിനുള്ളിലേക്ക് പോയി തിരിച്ച് വന്നു. സംശയം തോന്നിയ ഏതാനും യാത്രക്കാര്‍ ബാത്ത് റൂമില്‍ കയറി പരിശോധന നടത്തിയപ്പോള്‍ മോഷണം പോയ ബാഗ് കണ്ടെത്തി.

എന്നാല്‍ അതിനുള്ളിലെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ് അടക്കം വന്ന് ചോദ്യം ചെയ്‌തെങ്കിലും താന്‍ മോഷ്ടിച്ചിട്ടില്ലെന്ന വാദത്തില്‍ സംഗീത ഉറച്ചു നിന്നു. പൊലീസുകാര്‍ക്ക് ആര്‍ക്കും തന്നെ സംഗീതയെ തിരിച്ചറിയാന്‍ സാധിച്ചതുമില്ല. തുടര്‍ന്ന് ഇവരെ പരിശോധന നടത്തിയെങ്കിലും തൊണ്ടി മുതലുകള്‍ കണ്ടെത്താനുമായില്ല.

ഇതിന് ശേഷം ഈ കോച്ചില്‍ നിന്നും സംഗീത സ്ഥലം കാലിയാക്കിയിരുന്നു. ഇതിന് ശേഷമാണ് റെയില്‍ പാളത്തില്‍ സംഗീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൃതദേഹം സംഗീത അഗര്‍വാളിന്‍േതാണെന്ന് തിരിച്ചറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here