അമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ വഴിത്തിരിവ്; കൊലപാതകി മകനല്ലെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ വീട്ടമ്മയായ ദീപയെ മകന്‍ കൊലപ്പെടുത്തി കത്തിച്ച കേസില്‍ വഴിത്തിരിവ്. ദീപയുടെ മരണത്തിന് ഉത്തരവാദി മകനല്ലെന്ന് തെളിയിക്കുന്ന ആത്മഹത്യ കുറിപ്പുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദീപയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പാണിതെന്നാണ് ബന്ധുക്കളുടെ വാദം. കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് ഈ കുറിപ്പുകിട്ടിയത് എന്ന് ബന്ധുക്കള്‍ പറയുന്നു.
തനിക്ക് അസുഖമാണ് എന്നും മറ്റുള്ളവര്‍ക്ക് ഒരു ഭാരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഇതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണ്, ഇത് എന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയതാണ് എന്നും കുറിപ്പില്‍ പറയുന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് ബന്ധുക്കള്‍ ഇത്തരത്തിലൊരു ആത്മഹത്യ കുറിപ്പുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ ആത്മഹത്യക്കുറിപ്പ് പോലീസ് തള്ളിക്കളഞ്ഞു. അതേസമയം ഈ കത്ത് മുമ്പ് എങ്ങും ഹാജരാക്കാതെ ഇപ്പോള്‍ ഹാജരാക്കിയത് പ്രതിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തിലും കേസ് വഴിതിരിച്ചു വിടാനുമാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം 26നാണ് അമ്പലമുക്ക് സ്വദേശിയും വീട്ടമ്മയുമായിരുന്ന ദീപയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിയാണ് മരണമെന്നും മരണ ശേഷമാണ് ശരീരത്തിന് തീ പിടിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബി.ടെക് വിദ്യാര്‍ഥിയായ അക്ഷയ്‌യെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷംഅക്ഷയ്‌യുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ അക്ഷയ് കുറ്റം സമ്മതിച്ചിരുന്നു. അമ്മയെ സംശയമായിരുന്നെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തികകാര്യങ്ങളിലെ അഭിപ്രായ ഭിന്നതയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ്‌
അക്ഷയ് മൊഴി നല്‍കിയത്. എന്നാല്‍ ജയിലിലെത്തിയ അക്ഷയ് താനല്ല അതു ചെയ്തത്, താന്‍ നിരപരാധിയാണ്, തന്നെ വിശ്വസിക്കണം എന്ന് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here