ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം : ആശുപത്രിയില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതി തിരുവനന്തപുരത്ത് നിന്നും ചെന്നൈ മെയിലില്‍ കയറിയാണ് എറണാകുളത്ത് എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഷംനയെ ട്രെയിനില്‍ വെച്ച് കണ്ടെത്തിയതായി ടിടിആര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലേക്ക് പോകണമെന്ന് പറഞ്ഞ യുവതി എറണാകുളം നോര്‍ത്തില്‍ ഇറങ്ങുകയായിരുന്നെന്നും ടിടിആര്‍ വെളിപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആലപ്പുഴയിലേക്ക് വ്യാപിപിച്ചു.

പ്രസവതീയ്യതി അടുത്തെന്ന് ഷംന പറഞ്ഞതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്യാന്‍ വരുന്ന സമയത്ത് ആശുപത്രി രേഖകളൊന്നും കൊണ്ടു വന്നിരുന്നില്ല. അതുകൊണ്ട് തന്നെ പ്രസവ തീയ്യതി അടുത്തോയെന്ന കാര്യം ഡോക്ടര്‍മാര്‍ക്ക് വ്യക്തമല്ല. ഇതും സംഭവത്തിന് പിന്നിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഷംനയെ തിരിച്ചറിയുന്നവര്‍ പൊലീസില്‍ അറിയിക്കണമെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കുവാനും മെഡിക്കല്‍ കോളജ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. യുവതിക്കായുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ് സംഘം.

ചൊവാഴ്ച്ച പകല്‍ 11.30 ഓടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിട്ടും ഷംന ലേബര്‍ റുമില്‍ നിന്നും പുറത്ത് വരാത്തതിനെ ചൊല്ലി ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരോട് സംശയം പ്രകടിപ്പിച്ചപ്പോഴാണ് യുവതിയെ കാണാതായ കാര്യം ഏവര്‍ക്കും വ്യക്തമാവുന്നത്. തുടര്‍ന്ന് ആശുപത്രി പരിസരമടക്കം തിരച്ചില്‍ നടത്തിയെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയുടെ ഫോണും ഓഫായിരുന്നു.

വൈകീട്ടോടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും ഒന്നും സംസാരിച്ചില്ല. കുറച്ച് സമയം കഴിഞ്ഞ് 5.30 ഓടെ മറ്റൊരു ബന്ധുവിനെ വിളിച്ച് താന്‍ സുരക്ഷിതയാണെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഫോണ്‍ ലൊക്കേഷന്‍ നോക്കിയ പൊലീസ് ഞെട്ടി. കൊച്ചിയില്‍ നിന്നായിരുന്നു യുവതി ഫോണ്‍ വിളിച്ചത്. മണിക്കൂറുകള്‍ക്കകം ഷംന കൊച്ചിയിലെത്തിയതെങ്ങനെയെന്ന ചോദ്യം പൊലീസിനെയും ബന്ധുക്കളെയും ഒരു പോലെ കുഴയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here