‘സൗദി,ഖത്തര്‍ ഉപരോധം അവസാനിപ്പിക്കണം’

റിയാദ് : 11 മാസമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ സൗദി തയ്യാറാകണമെന്ന് അമേരിക്ക. സൗദി സന്ദര്‍ശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് പോംപിയോ നിര്‍ദേശിച്ചത്. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിക്കുകയാണുണ്ടായത്. സൗദി വിദേശകാര്യ മന്ത്രി അദേല്‍ അല്‍ ജുബൈറുമായി റിയാദില്‍ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഖത്തറുമായുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ പോംപിയോ ആവശ്യപ്പെട്ടത്.

ഇതുവരെ സ്വീകരിച്ച ഉപരോധനടപടികള്‍ മതിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ സൗദിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഖത്തറിനെതിരെ സൗദി കടുത്ത നീക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അമേരിക്കയുടെ അഭ്യര്‍ത്ഥന.

ഖത്തറുമായുള്ള കരയതിര്‍ത്തി മേഖലയിലൂടെ വന്‍ കനാല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് സൗദി. ഇതോടെ ഖത്തര്‍ ഒരു ദ്വീപായി മാറുന്ന സാഹചര്യമുണ്ടാകും. കൂടാതെ ആണവ മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രവും അതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മ്മിക്കാന്‍ സൗദി പദ്ധതിയിട്ടുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here