വാര്‍ത്താ അവതാരക മരിച്ച നിലയില്‍

ഹൈദരാബാദ്: വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്ത നിലയില്‍. തെലുഗു ചാനലായ വി6ലെ വാര്‍ത്താ അവതാരകയായ രാധിക റെഡ്ഡിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

36 വയസ്സായിരുന്നു. ഹൈദരാബാദിലെ മൂസാപേട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നാണ് രാധിക ചാടി മരിച്ചത്. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മനസാണ് തന്റെ ശത്രുവെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും രാധിക കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

അതേസമയം മാനസികസമ്മര്‍ദ്ദമാണ് രാധികയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയായിരുന്നു രാധിക ജീവനൊടുക്കിയതെന്ന് കുകാട്പള്ളി എസ്‌ഐ മജീദ് പറഞ്ഞു.

തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് രാധിക സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ആറ് മാസം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ രാധിക മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

പതിനാല് വയസുകാരന്റെ അമ്മയാണ് രാധിക. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here