നാളെ സത്യപ്രതിജ്ഞയെന്ന ട്വീറ്റ് മുക്കി ബിജെപി

ബംഗളൂരു :  ബിജെപി നിയമസഭാ കക്ഷി നേതാവ് ബിഎസ് യെദിയൂരപ്പ നാളെ രാവിലെ 9 ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് മുക്കി ബിജെപി. പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ സുരേഷ് കുമാറാണ് നാളെ സത്യപ്രതിജ്ഞയെന്ന് ട്വീറ്റ് ചെയ്തത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചെന്നും
യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് പതിനൊന്ന് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

നിലവില്‍ ബിജെപിക്ക് 104 അംഗങ്ങളുടെ പിന്‍തുണയാണുള്ളത്. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്‍തുണ വേണം. അതേസമയം തങ്ങള്‍ക്ക് 118 അംഗങ്ങളുടെ പിന്‍തുണയുണ്ടെന്ന് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അവകാശപ്പെടുന്നു.

കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം അംഗങ്ങളുണ്ട്. 2 സ്വതന്ത്രരുടെ പിന്‍തുണയും തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ്-ദള്‍ സഖ്യം വ്യക്തമാക്കുന്നു. അതേസമയം കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനാണ് ബിജെപി ശ്രമമെന്ന് ഇരുകക്ഷികളും ആരോപിച്ചു.

എംഎല്‍എമാര്‍ക്ക് 100 കോടിരൂപയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് നേരത്തേ യെദിയൂരപ്പ ഗവര്‍ണറെ കണ്ടു.

തുടര്‍ന്ന് ശക്തി തെളിയിക്കാന്‍  കോണ്‍ഗ്രസ് ദള്‍ നേതാക്കള്‍ തങ്ങളുടെ എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തി. പക്ഷേ  10 പേര്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. തുടര്‍ന്ന് ബിജെപിയുടെ കുതിരക്കച്ചവടത്തിന് തടയിടാന്‍
കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ അംഗങ്ങളെ റിസോര്‍ട്ടുകളിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here