മോഡലിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മോഡലിന്റെ പാവാട ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒരു റെഡിമേയ്ഡ് സ്റ്റോറില്‍ ജോലിക്കാരാണ് ഇരുവരും. മോഡല്‍ ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്.

ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള റോഡില്‍ വെച്ച് തനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന് യുവതി ട്വീറ്റ് ചെയ്തിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച് പോവുന്നതിനിടയില്‍ രണ്ട് പുരുഷന്മാര്‍ യുവതിയുടെ പാവാടയില്‍ പിടിച്ച് വലിക്കുകയായിരുന്നു.

ഇതിന് അടിയില്‍ എന്താണെന്ന് നോക്കട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പാവാടയില്‍ പിടിച്ച് വലിച്ചതെന്ന് മോഡല്‍ പറഞ്ഞു. അവരുടെ അതിക്രമത്തെ തടയാന്‍ ശ്രമിച്ചതോടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി മറിഞ്ഞ് നിലത്ത് വീണു. അവിടെ നിന്ന ആരും ഇതിന് എതിരെ പ്രതികരിച്ചില്ലെന്നും ആക്രമിച്ചവര്‍ ഇതിനോടകം അവിടെ നിന്ന് പോയെന്നും യുവതി പറഞ്ഞു.

താന്‍ വീണ് കിടക്കുന്നത് കണ്ട് സഹായിക്കാന്‍ വന്ന പ്രായമായൊരാള്‍ പറഞ്ഞത് താന്‍ പാവാട ധരിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നാണ്. താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ തന്നെ ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ പെണ്‍കുട്ടികള്‍ പ്രതികരിക്കാതിരിക്കുന്നതിനെ യുവതി വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രദേശത്തെ അറുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

അതേസമയം ആക്രമണം നടന്ന് 24 മണിക്കൂറിനുളളില്‍ പ്രതികളെ കണ്ടെത്തിയ പൊലീസ് സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പാരിതോഷികമായി 20000 രൂപ നല്‍കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here