പശുവിന്റെ പേരില്‍ വീണ്ടും അതിക്രമം; രണ്ട് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി

ബല്ലിയ: പശുക്കളുടെ പേരിലുള്ള അക്രമം അവസാനിക്കുന്നില്ല. പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുടെ അതിക്രമം. രണ്ട് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ രസ്രയിലാണ് സംഭവം. ഉമറാം, സോനു എന്നീ യുവാക്കളെയാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തിങ്കളാഴ്ചയാണ് അക്രമം നടന്നത്. പശുക്കളുമായി നടന്ന് പോവുകയായിരുന്ന ഇവരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇവരെ തടഞ്ഞു വച്ച പ്രവര്‍ത്തകര്‍ ഇരുവരുടെയും തല മൊട്ടയടിച്ചു. കഴുത്തില്‍ ‘ഞങ്ങള്‍ പശുക്കള്ളന്മാരാണ്’ എന്ന ബോര്‍ഡ് എഴുതി തൂക്കി ടൗണിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിന് ശേഷം ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. അതേസമയം യുവ വാഹിനി പ്രവര്‍ത്തകരുടെ അതിക്രമത്തിന് വിധേയരാകേണ്ടി വന്ന യുവാക്കളും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഉമറാമിന്റെ പരാതിയില്‍ 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here