വാഹനാപകടത്തില്‍ രണ്ട് മരണം

മാവേലിക്കര: അമ്മയുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വന്ന മകനും മരുമകനും വാഹനാപകടത്തില്‍ മരിച്ചു. കാപ്പില്‍ തട്ടാരയ്യത്ത് വീട്ടില്‍ ശ്രീധരന്‍പിള്ള(62), തെക്കേക്കര പൊന്നേഴ ചൂനാട്ട് മുണ്ടകത്തില്‍ വിജയകുമാരന്‍പിള്ള(63) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ചെങ്കപ്പിള്ളി എന്ന സ്ഥലത്തായിരുന്നു അപകടം.

തിങ്കളാഴ്ചയാണ് ശ്രീധരന്‍പിള്ളയുടെ അമ്മ പാറുക്കുട്ടിയമ്മ (96) മരിച്ചത്. അമ്മയുടെ ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ളയുടെ സഹോദരി വിജയമ്മ, ഭര്‍ത്താവ് വിജയകുമാരന്‍പിള്ള, മകന്‍ വിനീഷ് എന്നിവര്‍ തിങ്കളാഴ്ച വൈകീട്ട് വിജയകുമാരന്‍പിള്ളയുടെ ജോലിസ്ഥലമായ മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് കാറില്‍ പുറപ്പെട്ടു.

ഹൈദരാബാദില്‍നിന്നാണ് ശ്രീധരന്‍പിള്ള ഇവരോടൊപ്പം ചേര്‍ന്നത്. മുന്നില്‍ പോവുകയായിരുന്ന വാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അതിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വിജയകുമാരന്‍പിള്ള സംഭവ സ്ഥലത്തും ശ്രീധരന്‍പിള്ള ആശുപത്രിയില്‍ നിന്നുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിജയമ്മ(58) ചികിത്സയിലാണ്. വിനീഷ്, ഡ്രൈവര്‍ തമ്പി എന്നിവര്‍ക്കും പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here