യുഎഇ സമൂഹത്തിന് മലയാളികള്‍ പ്രധാനമെന്ന് അല്‍ നഹ്യാന്‍

കൊച്ചി :മലയാളി പ്രവാസികളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ആവോളം പുകഴ്ത്തിയും യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ക്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. കൊച്ചിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കവെയായിരുന്നു യുഎഇ സഹിഷ്ണുത മന്ത്രി മലയാളി പ്രവാസികളോടുള്ള തങ്ങളുടെ സ്‌നേഹത്തിന്റെ രഹസ്യം തുറന്ന് പറഞ്ഞത്.

യുഎഇയുടെ കഴിഞ്ഞ കാലഘട്ടങ്ങളിലെ വിജയത്തിനും വികസനത്തിനും പിന്നില്‍ മലയാളികളാണെന്ന് അല്‍ നഹ്യാന്‍ വേദിയില്‍ വ്യക്തമാക്കി. മലയാളികള്‍ കാര്യക്ഷമതയുള്ളവരും സംരഭകത്വവും ഉള്ളവാരാണെന്ന് പറഞ്ഞ അല്‍ നഹ്യാന്‍ യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും മലയാളികള്‍ പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഈ നാട് ഒരിക്കല്‍ കണ്ടാല്‍ തന്നെ ദൈവത്തിന്റെ സ്വന്തം നാടാണെന്ന് മനസ്സിലാകും, അത്രയ്ക്കും പച്ചപ്പും മനോഹാരിതയും നിറഞ്ഞ നാടാണിത്. കേരളത്തിന്റെ കീരീടത്തിലെ രത്‌നമായി ലുലു കണ്‍വെന്‍ഷണല്‍ സെന്റര്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സഹിഷ്ണുത മന്ത്രി എന്ന നിലയില്‍ കേരളത്തിലെ സഹിഷ്ണുത മതിപ്പുളവാക്കുന്നതാണെന്നും അല്‍ നഹ്യാന്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ലയും ചടങ്ങില്‍ പങ്കെടുത്തു. ബഹ്‌റൈന്റെ വികസനത്തിന് കേരള പ്രവാസികളുടെ സംഭാവന വളരെ വലുതാണെന്നും യോഗത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here