30 വര്‍ഷമായി സംസ്‌കരിക്കാത്ത മൃതദേഹം

ഉക്രെയ്ന്‍ :ഒരു വൃദ്ധ തനിച്ച് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയുടെ അമ്പരപ്പില്‍ നില്‍ക്കുകയാണ് റഷ്യന്‍ പൊലീസ് സംഘം. ഉക്രെയിനിലാണ് 77 വയസ്സുകാരിയായ വൃദ്ധയുടെ വീട്ടില്‍ നടത്തിയ പരിശോധന പൊലീസ് സംഘത്തെ ഒന്നടങ്കം ഞെട്ടിച്ചത്.

വീട്ടിനകത്തെ മുറിയില്‍ കഴിഞ്ഞ 30 വര്‍ഷമായി വൃദ്ധ സൂക്ഷിച്ച് വെച്ചിരുന്നത് സ്വന്തം അമ്മയുടെ മൃതശരീരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസിച്ചത്. അയല്‍ക്കാരുമായി വലിയ സമ്പര്‍ക്കമൊന്നും പുലര്‍ത്താതെ ഒറ്റപ്പെട്ടാണ് ഇവര്‍ ഇവിടെ കഴിഞ്ഞ് കൂടിയിരുന്നത്.

കുറെ ദിവസമായി വീടിന് പുറത്തേക്ക് കാണാത്തതിനാല്‍ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. അപ്പോഴാണ് ഒരു മുറിയില്‍ സ്ത്രീയുടെ അമ്മയുടെ മൃതദേഹം മമ്മിയാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ചുറ്റും സുഗന്ധദ്രവ്യങ്ങള്‍ പൂശി ദൈവത്തിന്റെ ഫോട്ടോകള്‍ക്ക് അടുത്തായിരുന്നു വൃദ്ധ അമ്മയുടെ മൃതദേഹത്തെ കിടത്തിയിരുന്നത്. കാലില്‍ ഷൂസ് അണിയിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാലുകള്‍ രണ്ടും തളര്‍ന്ന്  നിലത്ത് കിടക്കുന്ന നിലയില്‍ വൃദ്ധയേയും മറ്റൊരു മുറിയില്‍ കണ്ടെത്തി.

പാതി അബോധാവസ്ഥയിലായിരുന്ന വൃദ്ധയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ വര്‍ഷങ്ങളായി വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയുടെ കണക്ഷന്‍ ഉണ്ടായിരുന്നില്ല.

പഴയ ന്യൂസ് പേപ്പറുകളും കടലാസ് കഷ്ണങ്ങളും കുന്ന് കൂടി കിടക്കുന്ന നിലയിലായിരുന്നു വീടിന്റെ പല ഭാഗങ്ങളും. വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസ് സംഘം മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്ക്  അയച്ചു.

മൃതദേഹത്തിന് 30 വര്‍ഷത്തിന്റെയെങ്കിലും പഴക്കം കാണുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here