സിറിയ ഭൂമിയിലെ നരകമെന്ന് യൂനിസെഫ്

ദമാസ്‌കസ് :സിറിയ ഭൂമിയിലെ നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശു സംരക്ഷണ വിഭാഗമായ യൂനിസെഫ്. വിമതരെ തുരത്തുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ കിഴക്കന്‍ ഗൗത്തയെ ഭുമിയിലെ നരകമാക്കി തീര്‍ക്കുകയാണെന്ന് യൂനിസെഫ് മേധാവി വെളിപ്പെടുത്തി.

പിഞ്ചു കുട്ടികള്‍ ഭക്ഷണവും വെള്ളവും ആവശ്യത്തിന് മരുന്നുകളും ലഭിക്കാതെ മരണത്തോട് മല്ലടിക്കുകയാണ്. ഓരോ ഷെല്ലാക്രമണങ്ങളിലും കുട്ടികള്‍ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതി വിശേഷമാണുള്ളത്, രോഗങ്ങള്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച്ച അവശ്യ സാധനങ്ങളുമായി മേഖലയിലേക്ക് പോയ യുഎന്‍ വാഹനത്തെ പട്ടാളക്കാര്‍ തടഞ്ഞു നിര്‍ത്തിയതിന് ശേഷം ഏതാനും മരുന്നുകള്‍ കൊണ്ടു പോകുന്നതില്‍ നിന്നും വിലക്കി. കൂടാതെ ബോംബാക്രമണം കനത്തതോടെ പല മേഖലയിലും ഭക്ഷ്യ സാധനങ്ങള്‍ പോലും നല്‍കാന്‍ കഴിയാതെ യു എന്‍ സംഘത്തിന് പിന്‍വാങ്ങേണ്ടി വന്നതായും യൂനിസെഫ് പറയുന്നു.

യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്നവര്‍ക്കായുള്ള സഹായം എത്തിക്കാനുള്ള അവസരങ്ങളില്‍, മാനുഷിക പരിഗണന ഭരണകൂടങ്ങള്‍ അനുവദിച്ച് നല്‍കണമെന്നും യൂനിസെഫ് പറയുന്നു.

2013 മുതല്‍ കിഴക്കന്‍ ഗൗത്ത വിമതരുടെ പിടിയിലാണ്. ആസദ് ഭരണകൂടത്തെ അധികാരത്തില്‍ നിന്നും പുറത്താക്കാനായി വിമതര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും കയ്യടക്കി വെച്ചിരുന്നു എന്നാല്‍ 2015 ല്‍ റഷ്യയുടെ കൂടി സഹായത്തോടെ അസദ് ഭരണകൂടം രാജ്യത്തിന്റെ പല ഭാഗത്തുമുള്ള വിമത ശക്തികളെ അമര്‍ച്ച ചെയ്യുന്നതില്‍ വിജയിച്ചു.

അപ്പോഴും കിഴക്കന്‍ ഗൗത്ത വിമതരുടെ ശക്തി കേന്ദ്രമായി തന്നെ നില കൊണ്ടു. ഇതിനെ തുടര്‍ന്നാണ് ഈ വര്‍ഷം ഫെബ്രുവരി 18 തൊട്ട് ഗൗത്ത തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സിറിയന്‍ സര്‍ക്കാരും റഷ്യയും ആക്കം കൂട്ടിയത്.

2017 ല്‍ ഇവിടെ നടന്ന ബോംബാക്രമണത്തില്‍ 19 മാര്‍ക്കറ്റുകളും, ആറ് മെഡിക്കല്‍ സെന്ററുകളും ആറ് സ്‌കൂളുകളും പത്ത് പ്രതിരോധ കേന്ദ്രങ്ങളും നശിക്കപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.

ഫെബ്രുവരി 18 തൊട്ട് തുടങ്ങിയ ആക്രമത്തില്‍ ലഭിച്ച കണക്കുക്കള്‍ ആനുസരിച്ച് ആയിരത്തിലധികം പേര്‍ മരണപ്പെട്ട് കഴിഞ്ഞു. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

ഫെബ്രുവരി 24 ന് ഐക്യരാഷ്ട്ര സഭ പ്രദേശ വാസികള്‍ക്ക് ഒഴിഞ്ഞ് പോകുവാന്‍ 30 ദിവസത്തെ യുദ്ധ വിരാമം പ്രഖ്യാപിച്ചെങ്കിലും അത് ഒരു മണിക്കൂറിനുള്ളില്‍ ലംഘിക്കപ്പെട്ടു. പ്രദേശത്തെ 40000 വരുന്ന സാധാരണക്കാരെ ഒഴിപ്പിക്കുവാനായി എല്ലാ ദിവസവും നാല് മണിക്കൂര്‍ വീതം വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന റഷ്യയുടെ ഉറപ്പും വെറും പ്രഹസനമായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here