വാഗ്ദാന പെരുമഴയായി കേന്ദ്രബജറ്റ്

ഡല്‍ഹി :2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റില്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികളുമായി ബിജെപി സര്‍ക്കാര്‍. കാര്‍ഷിക മേഖലയ്ക്കും ദരിദ്ര മേഖലയ്ക്കും ഊന്നല്‍ കൊടുത്തുള്ള ബജറ്റാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യാഴാഴ്ച അവതരിപ്പിച്ചത്.

രാജ്യത്ത് ജിഎസ്ടി നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റെന്ന പ്രത്യേകതയും ഇക്കൊല്ലം ഉണ്ടായിരുന്നു. രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി ബജറ്റില്‍ ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം മുന്നേറുകയാണ്. നിര്‍മ്മാണ മേഖലയിലും വളര്‍ച്ച പ്രകടമാണെന്നും ബാങ്കുകളെ ശാക്തീകരിക്കുവാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും ജെയ്റ്റ്‌ലി പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. അഴിമതിയിലും നയമില്ലായ്മയിലും ഉലഞ്ഞ ഇന്ത്യ ഇന്നില്ലായെന്ന ഒളിയമ്പും പ്രതിപക്ഷത്തിനെതിരെ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തിനിടയില്‍ നടത്തി.

പ്രധാന പദ്ധതികള്‍

10 കോടി ദരിദ്ര കുടുംബങ്ങളെ ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സഹായം.
എട്ട് ലക്ഷം ദരിദ്ര വനിതകള്‍ക്ക് സൗജന്യ ഗ്യാസ്, നാല് ലക്ഷം വീടുകളില്‍ സൗജന്യ വൈദ്യുതി, 51 ലക്ഷം പുതിയ വീടുകള്‍

പച്ചക്കറികള്‍ ശേഖരിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. കാര്‍ഷികോത്പ്പന്ന കമ്പനികളെ നികുതിയില്‍ നിന്നും ഒഴിവാക്കി.

പട്ടികജാതി വിഭാഗത്തിനായി 56,620 കോടി രൂപ, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 39,135 കോടി. ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ജവഹര്‍ നവോദയ മാതൃകയില്‍ ഏകലവ്യാ പഠന പദ്ധതി

ക്ഷയരോഗ നിവാരണത്തിന് 600 കോടി. ക്ഷയരോഗ ബാധിതര്‍ക്ക് മാസം 500 രൂപ ധനസഹായം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രൈം മിനിസ്റ്റേര്‍സ് റിസര്‍ച്ച് ഫെലോഷിപ്പ് അടക്കം നിരവധി പദ്ധതികള്‍. സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി ഡിജിറ്റല്‍ ബോര്‍ഡുകളാക്കും. അധ്യാപകര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കും

2020 ഓടെ 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ,രാജ്യത്തെ എല്ലാവര്‍ക്കും വീട്

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക്കിടയില്‍ ഒരു മെഡിക്കല്‍ കോളേജ്, ജില്ലാ അശുപത്രികള്‍ വികസിപ്പിച്ച് മെഡിക്കല്‍ കോളേജുകളാക്കും. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1200 കോടി

റെയില്‍വേയില്‍ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം. എല്ലാ സ്‌റ്റേഷനുകളിലും ലെവല്‍ ക്രോസുകളിലും സിസിടിവി സംവിധാനം. 4000 കിലോ മീറ്റര്‍ റൈയില്‍വേ പാത വൈദ്യുതീകരിക്കും. രാജ്യത്തെ 600 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ പുനര്‍
നവീകരിക്കും.

ഇലക്ട്രോണിക് ഐടി മൂല്യനിര്‍ണ്ണയം രാജ്യം മുഴുവന്‍ നടപ്പില്‍ വരുത്തും. ഇത് ധനകാര്യ ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത വരുത്തും. 250 കോടിക്ക് മുകളില്‍ ലാഭമുള്ള കമ്പനികളില്‍ 25 ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തും. 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.

ഗ്രാമീണ മേഖലയില്‍ 5 ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍. 42 പുതിയ അഗ്രോ പാര്‍ക്കുകള്‍. മത്സ്യബന്ധന മൃഗസംരക്ഷണ മേഖലയ്ക്ക് 10000 കോടി

വിദേശ ഫോണുകളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചു, ഇവയ്ക്ക് ഭാവിയില്‍ വില കൂടും.

രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഉപരാഷ്ട്രപതിയുടെ ശമ്പളം നാല് ലക്ഷം രൂപയും ഗവര്‍ണ്ണര്‍മാരുടെ ശമ്പളം 3.5 ലക്ഷം രൂപയായും ഉയര്‍ത്തി.

ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്താകമാനം 56 വിമാനത്താവളങ്ങള്‍. വിമാന സര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കും. വിമാനയാത്രക്കാരുടെ എണ്ണം 2020 ഓടെ 100 കോടിയാക്കി ഉയര്‍ത്തും.

രാജ്യത്താകമാനം സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണത്തിനായി 22,852 കോടി. അമൃതം പദ്ധതിയുടെ ഭാഗമായി 99 നഗരങ്ങളില്‍ സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണം പുരോഗമിക്കുന്നു. മുദ്ര പദ്ധതിയിലെ വായ്പാ തുക വര്‍ദ്ധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here