കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് അവതരിപ്പിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റിലുള്ളതെന്ത് എന്നറിയാനാനുള്ള ആകാംക്ഷയിലാണ് ജനങ്ങളും ബിസിനസ്സ് ലോകവും.

അതേസമയം ഇത്തവണത്തേത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കും. 2022ല്‍ ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യമിട്ടുകൊണ്ടു നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് ബാങ്കുകള്‍, ഭവന വായ്പ സ്ഥാപനങ്ങള്‍ എന്നിവകളില്‍ നിന്ന് വായ്പ എടുത്ത് കിടപ്പാടം സ്വന്തമാക്കാനുദ്ദേശിക്കുന്നവര്‍ക്കു പലിശ സബ്‌സിഡി സ്‌കീം 2017 ഡിസംബറോടെ സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടില്ല.

വരും വര്‍ഷങ്ങളിലും ഇത് തുടരാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. നിലവില്‍ വീടുകള്‍ ഇല്ലാത്തവര്‍ക്ക് പുതുതായി വീട് വയ്ക്കുന്നതിനും പൂര്‍ത്തീകരിച്ച വീടുകളോ ഫഌറ്റുകളോ വാങ്ങുന്നതിനും നല്‍കുന്ന സബ്‌സിഡിയോടു കൂടിയ ഭവന വായ്പ വിപുലപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

ചെറുകിട ഭവന വായ്പകളുടെ ലഭ്യത കൂട്ടുന്നതിനും ചെലവ് തുകയുടെ ഉയര്‍ന്ന ശതമാനം വായ്പയായി അനുവദിക്കുന്നതിനും വേണ്ടുന്ന പരിഷ്‌ക്കാരങ്ങളും ബജറ്റിലുണ്ടായേക്കാം.

ജിഎസ്ടി വന്നതോടെ നിര്‍മാണസാമഗ്രികളുടെ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവിച്ചത് മറിച്ചാണ്. സിമന്റ്, കമ്പി, മെറ്റല്‍ തുടങ്ങിയവയുടെ വിലയിലെ വന്‍ വര്‍ധന മൂലം നിര്‍മാണ മേഖല ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്.

നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ ബജറ്റില്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് വിലയിരുത്തുന്നു. അതേസമയം ആരോഗ്യമേഖലയിലും ഊന്നിക്കൊണ്ടുള്ള ബജറ്റായിരിക്കുമിത് എന്ന് പ്രതീക്ഷിക്കുന്നു.

ആരോഗ്യമേഖയിലെ അത്യാധുനിക സാങ്കേതിക നേട്ടങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കാനായുള്ള പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തുമെന്നാണ് വിലയിരുത്തല്‍. നഗരത്തില്‍ ലഭ്യമായ ചികില്‍സ സൗകര്യങ്ങളുടെ പകുതിയെങ്കിലും ഗ്രാമങ്ങളില്‍ ലഭ്യമാക്കണമെന്ന് ആവശ്യങ്ങളുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here