അധ്യാപകന്റെ മൈക്ക് കേന്ദ്രമന്ത്രി ഓഫ് ചെയ്തു

നാഗാവ്: പൊതുചടങ്ങില്‍ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞതിന് മുന്‍ അധ്യാപകന് കേന്ദ്ര മന്ത്രിയുടെ ശകാരം. അസമിലെ നഗോന്‍ ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങില്‍ ഉദ്ഘാടകനായ റെയില്‍വേ മന്ത്രി രാജന്‍ ഗൊഹൈനാണ് വിരമിച്ച അധ്യാപകനെ ശകാരിച്ചത്.

ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധിയായി എത്തിയ മുന്‍ അധ്യാപകന്‍ ജില്ലയിലെ റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് പൊതുവേദിയില്‍ പരാതിപ്പെട്ടു. ജില്ലയിലെ റോഡുകള്‍ വളരെ മോശമാണ്. റോഡിന്റെ ശോചനീയാവസ്ഥ പ്രശ്‌ന പരിഹാരത്തിന് താന്‍ ഒരുപാട് പേരെ കണ്ടുവെന്നും ഒന്നും ഫലം കണ്ടില്ല. എന്റെയൊപ്പം വന്നാല്‍ ഇവിടുത്തെ റോഡിന്റെ അവസ്ഥ നേരിട്ട് ബോധ്യമാക്കി തരാമെന്നും കേന്ദ്രമന്ത്രിയോട് മുന്‍ അധ്യാപകന്‍ പറഞ്ഞു.

ഇതു കേട്ട് പ്രകോപിതനായ മന്ത്രി ഉടന്‍ തന്നെ അധ്യാപകന്റെ കൈയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. എന്തിനാണ് ഇത്തരം പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുന്നത്, അതുകൊണ്ട് നിങ്ങള്‍ക്ക് എന്തു നേട്ടമാണുണ്ടാകുന്നത് എന്ന് ക്ഷോഭത്തോടെ ചോദിച്ചു. ഇതെല്ലാം ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നിലോ തന്നോടോ മാത്രമായി പറയേണ്ട കാര്യമാണെന്നും പൊതുവേദിയില്‍ വച്ച് കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രാജന്‍ ഗൊഹൈന്‍ പറഞ്ഞു.

നിങ്ങള്‍ ദുരുദ്യേശത്തോടെയാണ് ഈ പരിപാടിക്കെത്തിയതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ മന്ത്രിയുടെ വീട് ഉപരോധിച്ചു. എന്നാല്‍, താന്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here