ഇറാനെതിരെ ട്രംപിനെ പിന്തുണച്ച് സൗദി

ജിദ്ദാ :’ഇറാന്‍ ആണവക്കരാറില്‍’ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് സൗദി അറേബ്യ. കരാര്‍ പ്രകാരം സസ്‌പെന്‍ഡ് ചെയപ്പെട്ട ഇറാനെതിരായുള്ള സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുന്നതിനെ രാജ്യം അനുകൂലിക്കുന്നതായും സൗദി സര്‍ക്കാര്‍ പ്രസ് ഏജന്‍സി വഴി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇറാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും വാര്‍ത്താക്കുറിപ്പില്‍ സൗദി സര്‍ക്കാര്‍ മറന്നില്ല. 2015 ല്‍ ഇറാനുമായി പി-5 1 രാജ്യങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യുണൈറ്റഡ് കിംങ്ങ്ഡം, അമേരിക്ക ജര്‍മ്മനി എന്നിവര്‍ ഒപ്പു വെച്ച കരാറിനെ സൗദി പിന്തുണച്ചത് മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ആയുധ വ്യാപനം തടയുക എന്ന ലക്ഷ്യം വെച്ചാണ്. എന്നാല്‍ ഉപരോധം പിന്‍വലിച്ചതിന് ശേഷമുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ട് ഇറാന്‍ മേഖലയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരംഭിച്ചെന്നും സൗദി ആരോപിക്കുന്നു.

ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിച്ച് മേഖലയിലെ തീവ്രവാദ ശക്തികളായ ഹിസ്ബുള്ളയേയും ഹൂതികളെയും വന്‍ തോതില്‍ സഹായിച്ചു. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് തീവ്രവാദ ശക്തികള്‍ യെമനില്‍ സൗദിയിലെ സൈനികരെ കൊന്നൊടുക്കി. കപ്പല്‍ പാതകളിലും ഇറാന്‍ നിയമലംഘനങ്ങള്‍ നടത്തി.

ആണവ നിര്‍വ്യാപനത്തിനായി അമേരിക്ക ഇറാനില്‍ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണച്ച സൗദി മുഴുവന്‍ ലോക രാജ്യങ്ങളും ഇതിനായി രംഗത്ത് വരണമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലോകത്ത് സമാധാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തിനായി പ്രസിഡണ്ട് ട്രംപ് ഇറാനെതിരെ നടത്തുന്ന ഏത് നടപടികളേയും പിന്തുണയ്ക്കുമെന്നും സൗദി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here