ലക്നോ: പൊലീസിന്റെ അനാസ്ഥമൂലം കൗമാരക്കാര്‍ നടുറോഡില്‍ രക്തംവാര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് സംഭവം. അപകടത്തില്‍പ്പെട്ട 15 വയസ്സുകാരായ അര്പിത് ഖുരാന, സണ്ണി ഗുപ്ത എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. വീട്ടിലേക്ക് പോകുന്നവഴി ഇവരുടെ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. ഇരുവരും തെറിച്ച് സമീപത്തുള്ള ഓടയില്‍ വീണു. അപകടസ്ഥലത്തെത്തിയവര്‍ അടിയന്തര സഹായത്തിനായി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിളിച്ചുവരുത്തി.
മൂന്ന് പൊലീസുകാരാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ഇന്നോവയുടെ സീറ്റില്‍ രക്തക്കറ പുരളുമെന്ന് പറഞ്ഞ് ഇവര്‍ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ചു. രക്തക്കറ പുരണ്ടാല്‍ വാഹനം കഴുകുന്നത് വരെ രാത്രി എവിടെയിരിക്കും എന്ന് ഒരു പൊലീസുദ്യോഗസ്ഥന് നാട്ടുകാരോട് ചോദിച്ചു.
അതേസമയം ഈ സംഭവങ്ങളെല്ലാം നാട്ടുകാരില്‍ ചിലര്‍ മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ അതുവഴി കടന്നുപോയ വാഹനങ്ങള്‍ക്ക് നാട്ടുകാര്‍ കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല.
ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു വാഹനം കൊണ്ടുവന്നപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസുകാര്‍ക്കെതിരെ നിരവധിപേര്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി.
സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് സഹാരന്‍പൂര്‍ സിറ്റി പൊലീസ് തലവന്‍ പ്രബല്‍ പ്രതാപ് സിങ് അറിയിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ഇന്ദര്‍പാല്‍ സിംഗ്, കോണ്‍സ്റ്റബിള്‍മാരായ പങ്കജ് കുമാര്‍, മനോജ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.