ശ്രീദേവിയെ അമ്മയായി സങ്കല്‍പ്പിച്ച യുവാവ്

ലഖ്‌നൗ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയെ സ്വന്തം അമ്മയായി സങ്കല്‍പ്പിച്ച് യുവാവ് താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി. ഉത്തര്‍പ്രദേശിലെ കൗശമ്പി ജില്ലയിലെ കാദില്‍പുര സ്വദേശിയായ ശിവപുജനാണ് നടിയുടെ മരണാന്തര ചടങ്ങുകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ശ്രീദേവിയോടുള്ള അടയ്ക്കാനാവാത്ത ആരാധനകാരണമാണ് ഈ 22 വയസ്സുകാരന് തന്റെ ഇഷ്ട താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ വീട്ടില്‍ സംഘടിപ്പിച്ചത്. ശ്രീദേവി തനിക്ക് അമ്മയാണെന്ന് സങ്കല്‍പ്പിച്ചാണ് ശിവ പൂജന്‍ ഈ ചടങ്ങുകള്‍ വീട്ടില്‍ സംഘടിപ്പിച്ചത്.

മരിച്ചതിന് ശേഷമുള്ള വിശേഷാല്‍ ദിവസമായ പതിമൂന്നാം ദിനം ശിവപൂജന്‍ വീട്ടില്‍ ശ്രീദേവിയുടെ ആത്മാവിന്റെ ശാന്തിക്കായി പ്രത്യേക പൂജകള്‍ ഒരുക്കി. ഇതിനായി കത്തയച്ച് ബന്ധുക്കളെയും നാട്ടുകാരെയും വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ അമ്മയായ ശ്രീദേവി മരണപ്പെട്ടെന്നും പതിമൂന്നാം ദിനത്തിലെ ചടങ്ങില്‍ പങ്കെടുക്കണമെന്നുമായിരുന്നു കത്തില്‍.

പതിമൂന്നാം ദിനം രാവിലെ ശേഷക്രിയകള്‍ ചെയ്യുവാനായി യുവാവ് തല മുണ്ഡനം ചെയ്തു. ഇതിന് ശേഷം നടിക്കായി ഒരു പൂജാരിയുടെ സാന്നിദ്ധ്യത്തില്‍ ശേഷക്രിയകള്‍ ചെയ്തു. ഇതു കഴിഞ്ഞ് ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ ഏവര്‍ക്കും ഭക്ഷണവും നല്‍കി.

മാതാപിതാക്കളോടും സഹോദരനോടും സഹോദരിയോടുമൊപ്പമാണ് ശിവപൂജന്‍ വീട്ടില്‍ കഴിഞ്ഞ് വന്നിരുന്നത്. ശ്രീദേവി മരിച്ചതിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ മകന്‍ ഭക്ഷണം കഴിക്കാന്‍ പോലും വിസ്സമതിച്ചിരുന്നതായി പിതാവ് പറഞ്ഞു. മകന്റെ ആഗ്രഹ പ്രകാരമാണ് വീട്ടില്‍ പൂജ ചടങ്ങുകള്‍ നടത്തിയതെന്നും പിതാവ് വ്യക്തമാക്കി.

നേരത്തെ ശ്രീദേവിയെ തന്റെ ഭാര്യയായി സങ്കല്‍പ്പിച്ച് ഒരു മദ്ധ്യ വയസ്‌കനും മരണാനന്തര ചടങ്ങുകള്‍ നടത്തിയിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ഓം പ്രകാശ് മെഹ്‌റയായിരുന്നു ഇത്തരത്തില്‍ രംഗത്ത് വന്നത്.

ഇക്കഴിഞ്ഞ ഫ്രബ്രുവരി 24 ാം തീയ്യതിയാണ് പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയെ ദുബായിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here