യുവതിയുടെ വയറില്‍ നിന്ന് പുറത്തെടുത്തത്‌

കണക്ടിക്കട്ട്: അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള ഒരു രോഗിയില്‍ നിന്നും 60 കിലോയോളം ഭാരം വരുന്ന ഒരു അണ്ഡാശയ മുഴ നീക്കം ചെയ്തു.
38കാരിയായ അധ്യാപികയില്‍ നിന്നുമാണ് അസാധാരണ വലിപ്പമുള്ള മുഴ നീക്കം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്ത് വിട്ടത്. ഡാന്‍ബറി ഹോസ്പിറ്റലിലെ പന്ത്രണ്ട് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘമാണ് യുവതിയെ ശസ്ത്രക്രിയ ചെയ്തത്.

അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. യുവതി തിരികെ ജോലിയില്‍ പ്രവേശിച്ചു. രണ്ട് മാസത്തെ പഠനത്തിനും തയ്യാറെടുപ്പിനും ശേഷമാണ് ഫെബ്രുവരി 14ന് ഓപ്പറേഷന്‍ നടത്തിയത്. മുഴ, അവരുടെ എല്ലാ പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളുടെയും സമീപത്തോളം വളര്‍ന്നിരുന്നതിനാലും അതിന്റെ വലിപ്പം അസാധാരണമായിരുന്നതിനാലുമാണ് ഇത്രയധികം ശ്രദ്ധയും പഠനവും നടത്തിയത്. ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്ത മുഴയെ പഠനവിധേയമാക്കുകയാണ് ഇപ്പോള്‍.

ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ വാഗന്‍ ആന്റിക്യാന്‍ പറഞ്ഞത്, താന്‍ ഒരു പത്തു പതിനൊന്നു കിലോ തൂക്കമുള്ള മുഴ ആണ് പ്രതീക്ഷിച്ചിരുന്നതെന്നും 60 കിലോ എന്നൊക്കെ പറയുന്നത് വളരെ അസാധാരണ വലിപ്പം ആണെന്നുമാണ്. ട്യൂമര്‍ ബാധിച്ച ഇടത് ഓവറി, ഇടത് ഭാഗത്തെ അണ്ഡവാഹിനി കുഴല്‍, ഓവറിയെ പൊതിഞ്ഞുള്ള പെരിറ്റോണിയല്‍ ടിഷ്യൂ എന്നിവ നീക്കം ചെയ്തു. ലോകത്ത് ഇതുവരെ നീക്കം ചെയ്ത ഏറ്റവും വലിയ 10-20 ട്യൂമറുകളില്‍ ഒന്നാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. യുവതിയെ ട്യുമര്‍ ബാധിച്ചിട്ടിണ്ട് ഏറെ നാള്‍ ആയിരുന്നില്ല.

2017 നവംബറില്‍ ഇത് ആഴ്ചയില്‍ 10 പൗണ്ട് വീതം വളരുന്ന വിധത്തിലായിരുന്നു. ആദ്യ പരിശോധനയില്‍ യുവതിയ്ക്ക് പോഷകാഹാര കുറവും 350 പൗണ്ട് (ഏകദേശം 159 കിലോ) തൂക്കവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയത്. രക്തവാഹിനി കുഴലുകളുമായി ഒട്ടിച്ചേര്‍ന്നായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ രോഗിയുടെ ജീവന് തന്നെ ഭീഷണിയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അണ്ഡാശയമുഴകള്‍ ഉണ്ടെന്ന് കണ്ടെത്താന്‍ അല്‍പം പ്രയാസമാണ്. കാരണം അവയുടെ ലക്ഷണങ്ങള്‍ മറ്റു ചില ചെറിയ രോഗങ്ങളുടേതിന് സമാനമായിരിക്കും. ആര്‍ത്തവകാലത്തുള്ള വയറുവേദന പോലെയോ ദഹനക്കേടിന്റേതു പോലുള്ളതോ ലക്ഷണങ്ങള്‍ കാണുമ്പോള്‍ പലരും അത് കാര്യമായി എടുക്കാറില്ല. ഈ സ്ത്രീയ്ക്കുണ്ടായിരുന്ന മുഴയാകട്ടെ അണ്ഡാശയ മുഴകളില്‍ ഏറെക്കുറെ സാധാരണ കാണപ്പെടുന്ന തരം മുഴയായിരുന്നു.

ഇവ പുകവലിയ്ക്കുന്നവരോ, മുന്‍പ് പുകവലിച്ചിരുന്നവരോ ആയവരിലാണ് കാണപ്പെടാറുള്ളത്. ഇത്തരം മുഴകളില്‍ അധികവും ക്യാന്‍സറിന് കാരണമാകാത്തവ ആയിരിക്കും. ഈ രോഗിയുടെ കാര്യത്തിലും അത് അങ്ങനെ തന്നെ ആയിരുന്നു. ഈ രോഗിയുടേത് മ്യൂസിനസ് തരത്തിലുള്ള മുഴ ആയിരുന്നു. ഇത്തരം മുഴകള്‍ക്കുള്ളില്‍ കഫം പോലുള്ള ഒരു സ്രവം നിറഞ്ഞിരിയ്ക്കും. തന്മൂലം അതിന് ഭീമമായ വലിപ്പവും ഭാരവും ഉണ്ടായിരിക്കുമെന്ന് ഡോക്ടര്‍ വാഗന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here