വിവാഹ പന്തലില്‍ വെച്ച് വരന് വെടിയേറ്റു

ലഖ്‌നൗ :വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ വെടിയേറ്റ് വരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരയിലെ സുനില്‍ വര്‍മ്മായെന്ന 24 വയസ്സുകാരനായ യുവാവാണ് വിവാഹ ചടങ്ങുകള്‍ക്കിടെ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചു വീണത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഓറഞ്ച് നിറമുള്ള ഷര്‍ട്ട് ധരിച്ച സുഹൃത്ത് വരനെ വെടിവെക്കുന്നത് വ്യക്തമാണ്.

രാം ചന്ദ്ര എന്ന യുവാവാണ് വെടിവെച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വരന്റെ അടുത്ത സുഹൃത്താണ് കൊലപാതകിയെന്ന് അറിഞ്ഞതിലുള്ള ഞെട്ടലിലാണ് ബന്ധുക്കള്‍. യുവാവിനെ കൊലപെടുത്താന്‍ മാത്രം രാം ചന്ദ്രയ്ക്ക് എന്തു പകയാണ് വരനോട് ഉണ്ടായതെന്ന് പ്രദേശ വാസികള്‍ക്കും അറിയില്ല.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പ്രതിയെ പിടികൂടിയാല്‍ മാത്രമേ വെടി അബദ്ധത്തില്‍ ഉതിര്‍ത്തതാണോ അതോ മനപ്പൂര്‍വം നടത്തിയ കൊലപാതകമാണോ എന്ന് ഉറപ്പിക്കാന്‍ പറ്റുകയുള്ളൂവെന്ന്  പൊലീസ് വ്യക്തമാക്കി. വിവാഹ ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടില്‍ എത്തിയതിന് ശേഷമായിരുന്നു ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ഉച്ചത്തില്‍ സംഗീതം വെച്ചിരുന്നതിനാല്‍ വെടിയൊച്ചയുടെ ശബ്ദം ആരും കേട്ടിരുന്നില്ല.

പെട്ടെന്ന് നെഞ്ചില്‍ അസഹ്യമായ വേദന ഉണ്ടായതിനെ തുടര്‍ന്ന് വരന്‍ ചുറ്റുമുള്ളവരോട് പറയാന്‍ ശ്രമിക്കുമ്പോഴേക്കും നിലത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പലരും ആദ്യം ഇത് വരന്റെ തമാശയായാണ് കരുതിയത്. എന്തായാലും പ്രതിക്ക് വേണ്ടിയുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here