യൂപിയില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടു

ലഖ്‌നൗ :ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈന്‍ ഓഫീസില്‍ പെണ്‍കുട്ടികളടക്കമുള്ള ജീവനക്കാരെ പൂട്ടിയിട്ടു. ലഖ്‌നൗവിലെ ഗോമതി നഗറിലെ സൈബര്‍ ഹില്ലില്‍ സ്ഥിതി ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ ഓഫീസില്‍ വെള്ളിയാഴ്ചയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഹെല്‍പ്പ് ലൈനിലെ ജീവനക്കാരെയാണ് മണിക്കൂറുകളോളം ബന്ദിയാക്കി പൂട്ടിയിട്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ വിളിച്ചറിയാക്കാനാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചത്.

എന്നാല്‍ കഴിഞ്ഞ നാല് മാസമായി ഇവിടെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിക്കാണ് ഹെല്‍പ്പ് ലൈനിന്റെ മേല്‍നോട്ട ചുമതല. ശമ്പളം വേണമെന്ന് ആവശ്യവുമായി ജീവനക്കാര്‍ ഈ കമ്പനി ഉടമകളെ സമീപിച്ചപ്പോഴാണ് ഈ അശുഭകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ഏറെ നേരം മുറിയില്‍ ബന്ദിയാക്കപ്പെട്ടതിനെ തുടര്‍ന്ന് പല പെണ്‍കുട്ടികളും കുഴഞ്ഞു വീണു. ശമ്പളം ചോദിക്കുമ്പോള്‍ കമ്പനി ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ അവരും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് എത്രയും പെട്ടെന്ന് ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here