തര്‍ക്കമാരംഭിച്ചത് തോര്‍ത്തിനെ ചൊല്ലി

കൊച്ചി: വരാപ്പുഴയില്‍ രണ്ട് മരണങ്ങളില്‍ കലാശിച്ച സംഘര്‍ഷങ്ങളുടെ തുടക്കം ഒരു തോര്‍ത്തില്‍ നിന്ന്. വാസുദേവന്‍ എന്നയാളുടെ ആത്മഹത്യയിലും ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തിലും കലാശിച്ച സംഘര്‍ഷങ്ങളുടെ തുടക്കം ഒരു തോര്‍ത്തിനെ ചൊല്ലിയാണെന്നാണ് വെളിപ്പെടുത്തല്‍.

മാതൃഭൂമി. കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാസുദേവന്റെ മകന്‍ വിനീഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാസുദേവന്റെ സഹോദരന്‍ ദിവാകരന്റെ തോളില്‍ കിടന്ന തോര്‍ത്ത് എടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമാരംഭിക്കുന്നത്.

വ്യാഴാഴ്ച ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ഇളയച്ഛന്റെ തോളിലിട്ടിരുന്ന തോര്‍ത്ത് എടുത്തപ്പോഴാണ് വാക്കേറ്റമുണ്ടായത്. ദിവാകരന്‍ ഷര്‍ട്ടിടാതെ തോര്‍ത്തുമാത്രമായിരുന്നു തോളിലിട്ടിരുന്നത്.

ഇത് വലിച്ചെടുത്തതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതോടെ ചിലര്‍ ദിവാകരന്റെ കഴുത്തിന് പിടിച്ചു. ഇവരില്‍ നിന്ന് രക്ഷപ്പെട്ട് ഇളയച്ഛന്‍ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

പൊലീസ് പരാമര്‍ശിക്കുന്ന സുമേഷ് എന്നയാളാണോ തോര്‍ത്ത് എടുത്തതെന്ന കാര്യം വ്യക്തമല്ല. പിറ്റേന്ന് രാവിലെയും സുമേഷും ദിവാകരനും വഴിയില്‍വെച്ച് വാക്കേറ്റമുണ്ടായി.

ഇതേ തുടര്‍ന്ന് ദിവാകരന്റെ സഹോദരന്‍ വാസുദേവന്‍ സുമേഷിന്റെ വീട്ടില്‍ ഇക്കാര്യം ചോദിക്കാനായി ചെന്നു. എന്നാല്‍ അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. സുമേഷിനെ വഴിയില്‍വെച്ച് കണ്ടപ്പോള്‍ പ്രശ്‌നങ്ങള്‍ താന്‍ പറഞ്ഞുതീര്‍ത്തു.

തുടര്‍ന്ന് വെള്ളിയാഴ്ച ജോലിക്കും പോയി. പക്ഷേ ഉച്ചയോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഇതിന്റെ മനോവിഷമത്താലാണ് അച്ഛന്‍ വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ തൂങ്ങിമരിച്ചതെന്നും വിനീഷ് പറയുന്നു.

സംഭവത്തില്‍ പിറ്റേന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. പിന്നാലെ 14 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് കൊല്ലപ്പെട്ട ശ്രീജിത്തടക്കം 10 പേരെ അറസ്റ്റ് ചെയ്തു.

വയറുവേദനയുണ്ടെന്നും ചികിത്സ വേണമെന്നും ശ്രീജിത്ത് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ശ്രീജിത്ത് ആശുപത്രിയില്‍ മരണപ്പെട്ടു. ഇതേ തുടര്‍ന്ന് ബിജെപിയും ഹര്‍ത്താല്‍ ആചരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here