ആര്‍ടിഎഫുകാര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ മൂന്ന് ആര്‍ടിഎഫുകാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്. ആഴ്ചയില്‍ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം. 2 ലക്ഷം ബോണ്ട് കെട്ടിവെക്കണം എന്നിവയാണ് ഉപാധികള്‍. രാത്രിയില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ഈ ആര്‍ടി എഫ് ഉദ്യോഗസ്ഥരായിരുന്നു. കൊലക്കുറ്റം, അന്യായമായ കസ്റ്റഡി എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇവരെ നേരത്തെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ ജില്ലാ കോടതിയടക്കം ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.

തങ്ങളോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നായിരുന്നു കോടതിയില്‍ പ്രതികളുടെ പ്രധാന വാദം. മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചു. ഇത് ശരിവച്ചാണ് കോടതി മൂവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച ശേഷം അറസ്റ്റിലായ മൂന്നുപേരും കഴിഞ്ഞ രണ്ട് മാസത്തോളമായി റിമാന്റിലായിരുന്നു. സമാന്തരസേന ആയിട്ടാണ് ആര്‍ടിഎഫ് പ്രവര്‍ത്തിച്ചതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. വയറ്റത്ത് മുട്ടുകാലു കയറ്റി കൊല്ലുന്ന പൊലീസ് നിയമാനുസൃതം ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞാല്‍ എന്താണ് പറയേണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചിരുന്നു. പ്രതികളായ ആര്‍ടിഎഫുകാര്‍ മുട്ടുകൊണ്ട് ശ്രീജിത്തിന്റെ അടിവയറ്റില്‍ ഇടിച്ചു. വിശദ പരിശോധനയിലാണ് അത് കണ്ടെത്താനായത് എന്നും ആര്‍ടിഎഫുകാരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here