സൗദിയുമായി നിര്‍ണ്ണായക ചര്‍ച്ച നടത്തി വത്തിക്കാന്‍

റിയാദ് : സൗദി അറേബ്യ സര്‍വ്വ മേഖലയിലും വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി അനുദിനം ലോകശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. അമുസ്ലീങ്ങള്‍ക്കും സൗദിയില്‍ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കുമോയെന്നാണ് അന്താരാഷ്ട്ര സമൂഹം ഒടുവിലായി ഉറ്റുനോക്കുന്നത്.

ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ചര്‍ച്ചുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ സൗദിയുമായി വത്തിക്കാന്‍ പ്രതിനിധി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ലോകം ഈ മുസ്ലിം രാഷ്ട്രത്തിലേക്ക് ശ്രദ്ധതിരിക്കുന്നത്.

രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പണിയാന്‍ സൗദിയുമായി വത്തിക്കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈജിപ്റ്റ് ഇന്‍ഡിപ്പെന്‍ഡന്റ് എന്ന മാധ്യമമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

ഇത് ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ വത്തിക്കാന്‍ ഈ റിപ്പോര്‍ട്ട് നിരാകരിച്ചതായാണ് ഡെയിലി മെയില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം തങ്ങളുടെ പ്രതിനിധി സൗദി സന്ദര്‍ശിച്ച് ഇതുസംബന്ധിച്ച് ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. എന്നാല്‍ സൗദി വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

വത്തിക്കാന്‍ പ്രതിനിധി കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടോറന്‍ ഏപ്രിലില്‍ സൗദി സന്ദര്‍ശിച്ചിരുന്നു. കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടക്കമുള്ളവരുമായി ടോറന്‍ ചര്‍ച്ച നടത്തി.

സൗദിയില്‍ ക്രിസ്ത്യന്‍ പളളികള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ടോറന്‍ സൗദി ഭരണാധികാരികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടില്ല.

വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. സൗദിയില്‍ 15 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ മുസ്ലിം രാജ്യമായതിനാല്‍ അന്യമതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ ആരംഭിക്കാന്‍ അനുമതിയില്ല.

സൗദി സാമൂഹ്യ രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടത്തിവിരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here