ടാക്‌സിയില്‍ ഹംദാന്‍; തിരിച്ചറിയാതെ ഡ്രൈവര്‍

ദുബായ് : ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ സഞ്ചാര പ്രിയനാണ്. ന്യൂയോര്‍ക്കിലാണ് അദ്ദേഹമിപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്നത്. യുഎഇയില്‍ ഉന്നത പദവികള്‍ കയ്യാളുമ്പോഴും ലാളിത്യമാണ് യുവ രാജകുമാരനെ വ്യത്യസ്തമാക്കുന്നത്.

ഇത് അടിവരയിടുന്ന അദ്ദേഹത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ന്യൂയോര്‍ക്കിലെത്തിയ ഹംദാന്‍ നഗരത്തില്‍ നിന്ന് ഒരു ലോക്കല്‍ ടാക്‌സി പിടിച്ചു. ഒരു സിഖുകാരനായിരുന്നു ഡ്രൈവര്‍.

ഹംദാന്‍ തന്റെ ടാക്‌സി യാത്ര ആസ്വദിക്കുകയും വാഹനത്തിലിരുന്ന് നഗരത്തിലൂടെ കാര്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.തുടര്‍ന്ന് ലക്ഷ്യസ്ഥാനമെത്തിയപ്പോള്‍ അദ്ദേഹം ഇറങ്ങി. തുടര്‍ന്ന് ഡ്രൈവറോട് നന്ദി രേഖപ്പെടുത്തി പണവും നല്‍കി മടങ്ങി.

ദുബായ് കിരീടാവകാശിയാണ് തന്നോടൊപ്പം കാറില്‍ സഞ്ചരിച്ചതെന്ന് ഡ്രൈവര്‍ തിരിച്ചറിഞ്ഞതേയില്ല. ദുബായ് രാജകുമാരന് അമേരിക്കയില്‍ ഏറ്റവും മികച്ച ആഡംബര വാഹനത്തില്‍ തന്നെ യാത്ര ചെയ്യാം.

ശക്തമായ സുരക്ഷയില്‍ അനുചര വൃന്ദത്തോടൊപ്പം എല്ലാവിധ സൗകര്യങ്ങളിലും അഭിരമിച്ചും സഞ്ചരിക്കാം.എന്നാല്‍ ഇതെല്ലാം ഉപേക്ഷിച്ചാണ് ഒരു സാധാരണക്കാരനെ പോലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് അദ്ദേഹം യാത്ര ചെയ്തത്.

ഹംദാന്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ഇദ്ദേഹത്തിന്റെ ലാളിത്യത്തെ വാഴ്ത്തുകയാണ് അനുഗാമികള്‍. ഇതാദ്യമായല്ല ഒരു അന്താരാഷ്ട്ര നഗരത്തില്‍ ഷെയ്ഖ് ഹംദാന്‍ പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്.

2016 ല്‍, ദുബായ് ഭരണാധികാരിയായ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം ലണ്ടന്‍ ഭൂഗര്‍ഭ പാതയിലൂടെ അദ്ദേഹം യാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരെയും കണ്ട് സഹയാത്രികര്‍ ആശ്ചര്യപ്പെടുകയാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here