160 കോടി വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്‌

ബംഗളൂരു : ബിജെപി നേതാവ് ബി ശ്രീരാമുലു സുപ്രീം കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്. അനധികൃത ഖനന കേസില്‍ റെഡ്ഡി സഹോദരങ്ങള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിക്കുന്നതിന് സുപ്രീം കോടതി ജഡ്ജിയുടെ മരുമകന് 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

2010 ല്‍ ചിത്രീകരിച്ചതാണ് വീഡിയോ. ബിജെപി നേതാവ് ബി ശ്രീരാമുലു ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന് തുക വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ബിജെപി നേതാക്കളായ ജി ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ ഒബ്ലാപുരം മൈനിങ് കമ്പനിയുടെ മൈനിംഗ് നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം ഇവര്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായി. വിരമിക്കുന്നതിന്റെ തൊട്ടുതലേന്ന് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ അനുകൂല വിധി പുറപ്പെടുവിച്ചെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ മരുമകന്‍ ശ്രീനിജന്‍, ബി ശ്രീരാമുലു എന്നിവരടക്കം നാലുപേരാണ് വീഡിയോയിലുള്ളതെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയാണ് ബി ശ്രീരാമുലു. കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ വീഡിയോ വ്യാജമാണെന് ബിജെപി പ്രതികരിച്ചു. ജനാര്‍ദ്ദന റെഡ്ഡി മോലകല്‍മുരുവില്‍ നിന്നാണ് മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here