കോട്ടയം കുഞ്ഞച്ചന്‍ 2 ;രണ്ടാം ഭാഗമില്ല

കൊച്ചി :കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യുവാനുള്ള നീക്കം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് വിജയ് ബാബു. ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഒരു സ്വകാര്യചാനലിനോട് സംസാരിക്കവെ വിജയ് ബാബു പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആട് 2 വിന്റെ വിജയാഘോഷ വേളയിലാണ് കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മാത്രമല്ല മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തതും.

എന്നാല്‍ ഇതിന് പിന്നാലെ ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു. ആദ്യ സിനിമയുടെ സംവിധായകനായ സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയുമാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ‘കോട്ടയം ചെല്ലപ്പനെന്ന് പേരിട്ടോട്ടെ കോട്ടയം കുഞ്ഞച്ചനെന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെ’ന്നായിരുന്നു ആദ്യ സിനിമയുടെ നിര്‍മ്മാതാവായ അരോമ മണിയുടെ പ്രതികരണം.

എന്നാല്‍ ചിത്രത്തിനെതിരെ ഇപ്പോള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പ്രകാശനത്തിന് മുന്‍പെ ഇവരെ സന്ദര്‍ശിച്ച് വിഷയം സംസാരിച്ചതാണെന്നും വിജയ് ബാബു വ്യക്തമാക്കി. എന്നാല്‍ ഇതിന് ശേഷവും ഇങ്ങനെയൊരു വിവാദമുണ്ടാക്കുന്നതിന് പിന്നിലെന്താണ് കാരണമെന്ന് വ്യക്തമല്ലെന്നും വിജയ് ബാബു പറഞ്ഞു.

കോട്ടയം കുഞ്ഞച്ചനിലെ മമ്മൂട്ടിയുടെ വേഷവുമായി സാമ്യമുള്ള ഒരു കഥ കിട്ടിയപ്പോള്‍ രണ്ടാം ഭാഗമായി ചെയ്യാമെന്ന് കരുതി. അങ്ങനെയാണ് ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഈ ചിത്രവുമായി മുന്നോട്ട് പോകും. പക്ഷെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ പേരോ, കഥാപാത്രത്തിന്റെ പേരോ ചിത്രത്തില്‍ ഉണ്ടാകില്ലെന്നും വിജയ് ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here